കീഴരിയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; റോഡുകള്‍ അടച്ചു, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും


മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കിയത്.

അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കും. വേണ്ടിവന്നാൽ വാഹനം കസ്റ്റഡിയിലെടുക്കും. പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലാണ് കോവിഡ് പടർന്നുകൊണ്ടിരിക്കുന്നത്. നമ്പ്രത്തുകരയിൽ വെള്ളിയാഴ്ച നടത്തിയ ആർടിപിസിആർ പരിശോധന ഫലം വന്നപ്പോൾ മൊത്തം 56 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

വാർഡ് 7ൽ 40, 6ൽ 7, 8ൽ 9 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. നമ്പ്രത്തുകര, കുന്നോത്ത് മുക്ക് എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിലും ടൗണുകളിലും അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല. ഒത്തുചേരുന്നതു പൂർണമായും നിരോധിച്ചു. ഇവിടെ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കാലത്ത് 10 മുതൽ വൈകിട്ട് 5 വരെ മാത്രമാക്കി.

അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ എത്തുന്നവർ മാസ്ക് ധരിച്ച് നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് കീഴരിയൂർ പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. ആർ.കെ.മുഹമ്മദ് അഷറഫ് നിർദേശം നൽകി. 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സ്ഥലത്തുള്ള തൃക്കോവിൽ അമ്പലം റോഡും പള്ളി റോഡും കൊയിലാണ്ടി സബ് ഇൻസ്പെക്ടർമാരായ എ.സന്തോഷ്കുമാർ, കെ.രവീന്ദ്രൻ, എം.എൽ.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടച്ചു പൂട്ടി.

ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് നടത്തിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എസ്ഐ എസ്‌.ശ്രീജേഷ്, സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു ശ്രീപതി, പഞ്ചായത്തംഗം കെ.സി.രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ഷാജഹാൻ രാഷ്ട്രീയ കക്ഷി, വ്യാപാരി സംഘടന പ്രതിനിധികൾ പങ്കെടുത്തു.