കീഴരിയൂരില്‍ കിണറ്റില്‍ ചാടിയ ആടിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി


മേപ്പയ്യൂര്‍: കീഴരിയൂരില്‍ കിണറ്റില്‍ ചാടിയ ആടിനെ രക്ഷപ്പെടുത്തി. പൂവംകുഴിതാഴെ കുഞ്ഞിമൊയ്തീന്റെ വീട്ടിലെ ആടാണ് വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയത്.

ഫയര്‍ ഫോഴ്‌സിന്റെ കൊയിലാണ്ടി യൂണിറ്റില്‍ നിന്നുള്ള സംഘമെത്തിയാണ് ആടിനെ കരയ്‌ക്കെത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബാബു വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

ഫയര്‍ ഫോഴ്‌സ് സംഘം എത്തുമ്പോള്‍ അയല്‍വാസികളില്‍ ഒരാള്‍ കിണറില്‍ ഇറങ്ങി ആടിനെ പിടിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങള്‍ റെസ്‌ക്യൂ നെറ്റ് ഇറക്കി ആടിനെയും അയല്‍വാസിയെയും സുരക്ഷിതമായി പുറത്തെത്തിച്ചു.