കീറിയ കറന്‍സി നോട്ടുകള്‍ എങ്ങനെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാം? പകരം എത്ര രൂപ നിങ്ങള്‍ക്ക് ലഭിക്കും? വിശദമായി അറിയാം


ഴയതും കീറിയതുമായ നോട്ടുകള്‍ കൈയ്യിലെത്തുമ്പോള്‍ അയ്യോ പണി പാളിയല്ലോ എന്ന അവസ്ഥയിലായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. അത് നമുക്ക് കടകളില്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ മറ്റൊരാവശ്യത്തിനും കീറിയ കറന്‍സി നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയുമില്ല. എപ്പോഴെങ്കിലും അത്തരം ഒരു നോട്ട് കൈയ്യില്‍ പെട്ടാലോ, ഇനി നിങ്ങളുടെ കൈയ്യില്‍ നിന്ന് തന്നെ കറന്‍സി നോട്ട് കീറിപ്പോകുന്ന സാഹചര്യമുണ്ടായാലോ ആശങ്കപ്പെടേണ്ടതില്ല.

ബാങ്കില്‍ നിന്നും ആ നോട്ട് ഏറെ എളുപ്പം മാറ്റിവാങ്ങാം. പഴകി നശിച്ച കറന്‍സിയും ബാങ്കില്‍ നിന്ന് കൈമാറ്റം ചെയ്ത് പുതിയ നോട്ട് വാങ്ങിക്കുവാന്‍ സാധിക്കും. കീറിയ നോട്ടിന് പകരമായുള്ള തുക ബാങ്ക് നിങ്ങള്‍ക്ക് തരും. ചിലപ്പോള്‍ നമ്മുടെ അശ്രദ്ധ കാരണം കറന്‍സി കീറിപ്പോയേക്കാം. പഴയ കറന്‍സിയാണെങ്കില്‍ ബാഗില്‍ നിന്നോ പേഴ്‌സില്‍ നിന്നോ പുറത്തെടുക്കുമ്പോള്‍ കീറിപ്പോകുവാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ കൈയ്യില്‍ അത്തരം കീറിയതും, പഴകിയതുമായ നോട്ടുകളുണ്ടെങ്കില്‍ ബാങ്കുകളെ സമീപിച്ച് അവ മാറ്റി വാങ്ങുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ നോട്ടുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിര്‍ദേശം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് സമീപത്തുള്ള ബാങ്ക് ശാഖകളില്‍ നിന്ന് തന്നെ കറന്‍സികള്‍ മാറ്റി വാങ്ങിക്കുവാന്‍ സാധിക്കും. ഇതിനായി പ്രത്യേക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. കൂടാതെ നിങ്ങള്‍ ആ ബാങ്കിന്റെ ഉപയോക്താവ് ആയിരിക്കണമെന്ന നിബന്ധനയുമില്ല.

നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ ചെന്ന് നിങ്ങള്‍ക്ക് കീറിയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങിക്കാം. എന്നാല്‍ നോട്ട് നിങ്ങള്‍ക്ക് മാറ്റി തരണമോ എന്ന തീരുമാനം അതാത് ബാങ്കിന്റേത് ആയിരിക്കും. അതായത് നിര്‍ബന്ധമായും നോട്ട് മാറി തന്നേ പറ്റൂ എന്ന് നിങ്ങള്‍ക്ക് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ല എന്നര്‍ഥം.

ബാങ്കില്‍ കീറിയ നോട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ , അവ മനപൂര്‍വം കീറിയത് ആണോ എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. അതിന് പുറമേ നോട്ടിന്റെ അവസ്ഥയും ബാങ്ക് വിലയിരുത്തും. അതിന് ശേഷം മാത്രമാണ് ബാങ്ക് കീറിയ നോട്ടിന് പകരം തുക നിങ്ങള്‍ക്ക് നല്‍കുക. കറന്‍സി നോട്ട് വ്യാജമല്ല എങ്കില്‍, നോട്ടിന്റെ അവസ്ഥ തൃപ്തികരമായ നിലയിലാണെങ്കില്‍ ബാങ്ക് എളുപ്പത്തില്‍ നിങ്ങള്‍ക്ക് നോട്ട് മാറ്റി പകരം നോട്ട് നല്‍കും.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ബാങ്കുകള്‍ കീറിയ നോട്ട് മാറ്റി നല്‍കുവാന്‍ വിസമ്മതിക്കാറുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പ്രകാരം കത്തിയെരിയപ്പെട്ടതോ കഷ്ണങ്ങളായി വേര്‍പ്പെടുത്തപ്പെട്ടതോ ആയ കറന്‍സികള്‍ ബാങ്കുകള്‍ മാറ്റി നല്‍കുകയില്ല. അത്തരം കറന്‍സി നോട്ടുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസില്‍ മാത്രമാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. അതേ സമയം അത്തരം നോട്ടുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിങ്ങള്‍ക്ക് നികുതി അടയ്ക്കുവാനോ ബില്‍ പേ ചെയ്യുവാനോ സാധിക്കും. അതുകൂടാതെ ബാങ്കില്‍ അത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് തുക വര്‍ധിപ്പിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ പ്രകാരം 1 രൂപ മുതല്‍ 20 വരെയുള്ള കറന്‍സികളില്‍ പകുതി തുക തിരികെ നല്‍കുന്നതിന് വ്യവസ്ഥയില്ല. 1 രൂപ മുതല്‍ 20 രൂപ വരെയുള്ള കറന്‍സികള്‍ മാറ്റി നല്‍കുമ്പോള്‍ ബാങ്ക് മുഴുവന്‍ തുകയും നല്‍കേണ്ടതുണ്ട്. അതേ സമയം 50 മുതല്‍ 2000 രൂപ വരെയുള്ള കറന്‍സികളുടെ കാര്യത്തില്‍ ഇത്തരം പാതി തുകയുടെ വ്യവസ്ഥയുണ്ട്. അത്തരം സാഹചര്യത്തില്‍ സമര്‍പ്പിക്കുന്ന നോട്ടിന്റെ പകുതി തുകയായിരിക്കും നിങ്ങള്‍ക്ക് ബാങ്ക് തിരികെ നല്‍കുക.