കിഴക്കമ്പലത്ത് കിറ്റക്‌സ് ജീവനക്കാര്‍ തകര്‍ത്തത് മൂന്ന് പൊലീസ് ജീപ്പ്; അക്രമം നടത്തിയത് 500ഓളം തൊഴിലാളികള്‍; പൊലീസിനെ രക്ഷിച്ചത് നാട്ടുകാര്‍
കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് ജീവനക്കാര്‍ തകര്‍ത്തത് മൂന്ന് പൊലീസ് ജീപ്പുകള്‍. ഇതില്‍ ഒരു പൊലീസ് ജീപ്പ് പൂര്‍ണമായി കത്തിനശിപ്പിച്ചു. രണ്ടു ജീപ്പുകള്‍ തകര്‍ക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്നു തൊഴിലാളികള്‍ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അഞ്ഞൂറോളം തൊഴിലാളികളാണ് അക്രമത്തിന് പിന്നില്‍. ഇവര്‍ക്കിടയില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
ക്രിസ്മസ് കരോളിനെ ചൊല്ലി തൊഴിലാളികള്‍ ചേരിതിരിഞ്ഞ് വഴക്കുകൂടുന്നതായി നാട്ടുകാരാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രണ്ട് ജീപ്പ് പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് അഞ്ഞുറോലം പേരുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയും തുടര്‍ന്ന് സി.ഐ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയുമായിരുന്നു.
ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിയുകയും കല്ലെറിയുകയും ചെയ്തു. ഇതിനിടെയാണ് സി.ഐയുടെ തലയ്ക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ പൊലീസുകാരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇതിനുശേഷമാണ് പൊലീസ് ജീപ്പിന് തീയിട്ടത്. സ്ഥലത്ത് ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. വിവരം അറിഞ്ഞ് രാത്രി തന്നെ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു.