കിഴക്കന്‍ പേരാമ്പ്ര കനാല്‍മുക്കില്‍ കിണറ്റില്‍വീണ പന്നിയെ വെടിവെച്ചുകൊന്നു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കനാല്‍മുക്കില്‍ കിണറ്റില്‍വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പുല്ലത്തുമൂലയില്‍ ജയേഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കഴിഞ്ഞദിവസം രാത്രിയാണ് പന്നി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാരെത്തി പന്നിയെ വെടിവെച്ചുകൊന്നു.
പകല്‍സമയത്ത് പോലും പന്നികള്‍ കൂട്ടമായിറങ്ങി കൃഷിനശിപ്പിക്കുന്നത് ഇവിടെ പതിവാണ്. കിണര്‍ വൃത്തിയാക്കാന്‍ വനംവകുപ്പ് സഹായം നല്‍കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. മുതുകാട്, പെരുവണ്ണാമൂഴി, ചക്കിട്ടപാറ തുടങ്ങി പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഈ മേഖലകളിലെ കൃഷിയിടത്തിലിറങ്ങിയ പന്നികളെ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവെച്ച് കൊന്നിരുന്നു.
കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ ക്യഷിയിടത്തില്‍ എത്തുന്ന പന്നിയെ കൊല്ലുവാന്‍ കോടതി 13 പേര്‍ക്ക് അനുമതി നല്‍കി. കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കാണ് പന്നിയെ കൊല്ലുവാനുള്ള അനുമതി ലഭിച്ചത്. ഇവര്‍ക്കൊപ്പം ഒരു വയനാട് സ്വദേശിക്കും അനുമതി ലഭിച്ചിട്ടുണ്ട്.