കിറ്റെക്സ് ‘ബാബു’മാരുടെ പരിദേവനങ്ങൾക്കിടയിൽ ഓർക്കാൻ ഒരു ‘നാനോ’ കഥ – കെ. സഹദേവൻ
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതിനാൽ ആന്ധ്രയിലേക്ക് കെട്ടിയെടുക്കുന്ന കിറ്റെക്സ് ബാബുവിന്റെ പരിദേവനങ്ങളും ശാപവചനങ്ങളും കൊണ്ട് മാധ്യമങ്ങൾ നിറഞ്ഞു കവിയുകയാണ്. കേരളത്തിന് നഷ്ടപ്പെടാൻ പോകുന്ന സൗഭാഗ്യങ്ങളുടെ വലിയ പരമ്പര തന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം നശിച്ചുനാറാണക്കല്ലെടുക്കുമെന്ന് പ്രവചിക്കുന്നവരും കൂട്ടത്തിലുണ്ട്. സാബുവിനെതിരായുള്ള ആക്രമണത്തിനെതിരെ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദീപം കൊളുത്തി പ്രതിഷേധവും നടക്കുകയുണ്ടായി. ട്രേഡ് യൂണിയനുകളും പരിസ്ഥിതി സംഘടനകളും ഒക്കെ ചേർന്ന് ജീവിതം തുലച്ച പാവപ്പെട്ട മുതലാളിമാരുടെ കദന കഥകൾ ആരുടെയും ഹൃദയം പിളർക്കുന്നതാണ്.
വ്യാവസായിക-തൊഴിൽ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും അടക്കം രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ നിർബന്ധിക്കുന്നതാണ് കിറ്റെക്സ് മുതലാളിയെ കുപിതനാക്കിയിരിക്കുന്നത്. അദ്ദേഹം തന്റെ മൂവായിരത്തി അഞ്ഞൂറു കോടിയുടെ വ്യവസായ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് ഭീഷണി. ആന്ധ്രപ്രദേശും കർണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾ കിറ്റെക്സിന് പരവതാനി വിരിച്ച് കാത്തുനിൽക്കുകയാണ്. കിറ്റെക്സിന്റെ തൊഴിലാളി ചൂഷണങ്ങളും പരിസ്ഥിതി മലിനീകരണങ്ങളും അടക്കമുള്ള നിരവധി വിഷയങ്ങൾ ഈ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്തു കഴിഞ്ഞവയാണ്. മറ്റൊരു കാര്യം സൂചിപ്പിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ജനകീയ പ്രതിഷേധം കാരണം പശ്ചിമ ബംഗാളിൽ നിന്ന് ഗുജറാത്തിലേക്ക് പറിച്ചുമാറ്റപ്പെട്ട ടാറ്റയുടെ നാനോ കാർ ഫാക്ടറിയെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
2006 മെയ് മാസത്തിലാണ് പശ്ചിമ ബംഗാളിലെ സിംഗൂരിൽ നാനോ കാറുകളുടെ നിർമ്മാണത്തിനായി ഫാക്ടറി ആരംഭിക്കാൻ ടാറ്റാ മേധാവി രത്തൻ ടാറ്റ പ്രഖ്യാപനം നടത്തുന്നത്. ഏതാണ്ട് 1000 ഏക്കർ നെൽവയൽ ഇതിനായി അക്വയർ ചെയ്യാനുള്ള തീരുമാനത്തിനെതിരെ സിംഗൂർ വാസികൾ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തിയതും തുടർന്ന് 2008ൽ കമ്പനി പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ഈയവസരത്തിൽ ടാറ്റയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വ്യവസായികളുടെ ഓമനയായി മാറി. നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ മാധ്യമങ്ങൾ വാനോളം പുകഴ്ത്തി.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ സാനന്ദിലാണ് ടാറ്റയുടെ നാനോ ഫാക്ടറി തുടങ്ങാനാവശ്യമായ സ്ഥലം സർക്കാർ കണ്ടെത്തി നൽകിയത്. എന്നാൽ സാനന്ദിൽ എന്തു സംഭവിച്ചുവെന്നോ, ടാറ്റയുടെ നാനോ കാറുകളുടെ അവസ്ഥ എന്തെന്നോ, സർക്കാർ ഖജനാവിൽ ഇതുമൂലം എന്ത് നഷ്ടം സംഭവിച്ചുവെന്നോ മാധ്യമങ്ങൾ ഒരിക്കലും എഴുതുകയുണ്ടായില്ല.
ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നൽകിയത് 900 രൂപയ്ക്കാണ്. ഇൗ രീതിയിൽ 1,106ഏക്കർ ഭൂമിയാണ് സാനന്ദിൽ നാനോ ഫാക്ടറിക്കായി നൽകിയത്. 33,000 കോടി രൂപ ഇൗയിനത്തിൽ ടാറ്റയ്ക്ക് ലാഭമുണ്ടായി. ഭൂമിയുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ഗവൺമെന്റ് അനുവദിച്ചുകൊടുത്തു. കൂടാതെ 0.01% പലിശ നിരക്കിൽ 9,570 കോടി രൂപയുടെ കടവും 20 വർഷത്തെ മൊറൊട്ടോറിയത്തോടെ പാവപ്പെട്ട ടാറ്റയ്ക്ക് മോദി സമ്മാനിച്ചു. കമ്പനിയിലേക്ക് സർക്കാർ വക റോഡ് റെയിൽ സൗകര്യങ്ങൾ വേറെയും. ഒരു നാനോ കാർ ഫാക്ടറിയിൽ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവിൽ നിന്ന് മുടക്കിയിരിക്കും! “You are stupid if you are not in Gujarat” എന്ന് രത്തൻ ടാറ്റ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സിംഗൂരിലെന്ന പോലെ ഗുജറാത്തിലെ സാനന്ദിലും കർഷകർ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവരികയുണ്ടായി. എന്നാൽ കർഷക പ്രക്ഷോഭങ്ങളെ ഏതെങ്കിലും രീതിയിൽ പരിഗണിക്കുന്ന സ്വഭാവം അന്നും ഇന്നും മോദിക്കുണ്ടായിരുന്നില്ല.
പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. ഇന്ദിര ഹിർവേ പറയുന്നത് ശ്രദ്ധിക്കുക: “(ഗുജറാത്ത് വികസനത്തെ സംബന്ധിച്ച്) നിങ്ങൾ എന്തെങ്കിലും ചോദ്യങ്ങൾ ഉന്നിക്കാൻ തുടങ്ങിയാൽ, നിങ്ങൾ ‘ഗുജറാത്ത് വിരുദ്ധനെ’ന്നും ‘വികസന വിരുദ്ധനെ’ന്നും മുദ്ര കുത്തപ്പെടുകയായി. ഗുജറാത്തിലെ വ്യാവസായികവൽക്കരണം നിർണ്ണയിക്കപ്പെടുന്നത് വിപണി ശക്തികളിലൂടെയല്ല മറിച്ച് ഏതാനും കോർപ്പറേറ്റുകൾക്ക് ഗവൺമെന്റ് നൽകുന്ന ഇളവുകളിലൂടെയാണ്. ഇതിനെ ‘ക്രോണി ക്യാപ്പറ്റലിസം’ എന്നാണ് വിളിക്കേണ്ടത്”
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടാറ്റയുടെ നാനോ കാർ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നു. സാനന്ദിൽ മറ്റ് കാറുകളുടെ നിർമ്മാണവുമായി ടാറ്റ മുന്നോട്ടുപോകുന്നു. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി വാപി മുതൽ അങ്കലേശ്വർ വരെയുള്ള ഇന്ത്യയുടെ വ്യാവസായിക ഇടനാഴി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യാവസായിക വികസനം ഏറ്റവും കൂടുതൽ നടന്ന ഗുജറാത്തിലാണ് സാമൂഹ്യ സേവന മേഖലകളിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ സംഖ്യയിൽ ഒഡീഷയെക്കാളും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം എന്നത് വ്യാവസായിക വികസനത്തിന്റെ മറുവശമാണ്.
കിറ്റെക്സ് ബാബുമാരോട് ഇത്രയേ പറയാനുള്ളൂ. നിങ്ങളുടെ മൂലധനവും ലാഭവും ഇവിടുത്തെ ജനതയ്ക്ക് കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. ഇവിടുത്തെ തൊഴിലാളികളുടെ വിയർപ്പും രക്തവും ഉൾച്ചേർന്നതാണ്. രാജ്യത്തിന്റെ പൊതുനിയമങ്ങൾ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത് നിരന്തരമായ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ്. 3500 കോടിയുടെ പദ്ധതിയും കൊണ്ട് ഞാനിതാ പോകുന്നേ എന്ന് ഭീഷണിപ്പെടുത്തി ഈ നിയമങ്ങളെല്ലാം ലംഘിക്കാനുള്ള അവകാശങ്ങൾ നേടിയെടുത്തേക്കാം എന്ന സ്വപ്നം ചരിത്രത്തിന്റെ ഏതെങ്കിലും ദശാസന്ധിയിൽ വെച്ച് തകർക്കപ്പെടുക തന്നെ ചെയ്യും.