കിരീടമണിഞ്ഞ രാജാവിന്റെ മകനാണ്, പ്രണയത്തിന്റെ ചന്ദ്രോത്സവം തീര്‍ക്കാന്‍ ഇനിയും വരിക ലാലേട്ടാ


നരേന്ദ്രനെന്ന വില്ലനില്‍ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി,ആറാം തമ്പുരാനായി, ലൂസിഫറായി വാഴുന്ന താരരാജാവിന് ലാലേട്ടന് അറുപത്തിയൊന്നാം പിറന്നാള്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.

തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍, രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങി മുന്നൂറ്റി നാല്‍പ്പതിലധികം ചിത്രങ്ങള്‍. രാജാവിന്റേ മകനാണ്, ദിവസങ്ങളെ ചന്ദ്രോത്സവങ്ങളാക്കിയ തന്മാത്രയാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക്, 2019 ല്‍ പത്മഭൂഷണ്‍ ബഹുമതി.. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍. ഗായകന്‍, സംവിധായകന്‍, നിര്‍മാണം , തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചു.

1960 മേയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായാണ് ജനനം. തിരുവനന്തപുരത്ത് മുടവന്‍മുഗളിലെ തറവാട്ടു വീട്ടില്‍ കളിച്ച് ഒരു കുട്ടി ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നു, ലോകം അവനെ പല പേരുകളില്‍ വിളിച്ചു. അത്ഭുതമെന്നാല്ലാതെ ആ വളര്‍ച്ചയ്ക്ക് മറ്റൊരു വാക്കില്ല. ഹൃദയങ്ങളുടെ മണിച്ചിത്രത്താഴിനുള്ളില്‍ വിസ്മയത്തുമ്പത്തായി പ്രീയപ്പെട്ട ബാലേട്ടന്‍.

പ്രണയം, നര്‍മ്മം, ശൃംഗാരം, വില്ലന്‍ വേഷമേതായാലും ആ കൈക്കുമ്പിളില്‍ ഭദ്രമാണ്. അഭിനയ ചക്രവര്‍ത്തി. ലാലേട്ടന്‍ എന്നല്ലാതെ മലയാള സിനിമാ ലോകത്തിന് മറ്റൊരു അവസാന വാക്കില്ല. മലയാളത്തിന്റെ ബാലേട്ടനാണ്. മംഗലശ്ശേരി നീലകണ്ഡന്റെ വാശികളായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ശ്രീഹരിയെപ്പോലെ പ്രണയിക്കണമത്രേ.

മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിക്ക് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ പിറന്നാളാശംസകള്‍