കിനാലൂര്‍ കൈതച്ചാലില്‍ ഭീതി പരത്തുന്ന ജീവി പുലിയല്ലെന്ന് നിഗമനം; പുലിപ്പൂച്ചയോ മീന്‍പിടിയന്‍ പൂച്ചയോ ആയേക്കാമെന്ന് വിലയിരുത്തല്‍


ബാലുശ്ശേരി : കിനാലൂര്‍ കൈതച്ചാലില്‍ ഭീതിപരത്തുന്ന ജീവി പുലിയല്ലെന്ന് പ്രാഥമിക നിഗമനം. ജീവി പുലിപ്പൂച്ചയോ (ലെപേഡ് ക്യാറ്റ്), മീന്‍പിടിയന്‍ പൂച്ചയോ (ഫിഷിങ് ക്യാറ്റ്) ആയേക്കാമെന്നാണ് വിലയിരുത്തല്‍. ഇതിനെ നേരില്‍ക്കണ്ട നാട്ടുകാരനില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും സ്ഥലം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാട്ടുപൂച്ചയിനത്തില്‍പ്പെട്ട പുലിപ്പൂച്ചയ്ക്ക് ശരീരത്തില്‍ പുള്ളിപ്പുലിയുടേതുപോലുള്ള പുള്ളികള്‍ ഉണ്ടാകും. വലിയ നാടന്‍ പൂച്ചയുടെ വലുപ്പമുള്ള ഇവയുടെ പ്രധാനഭക്ഷണം ചെറിയ സസ്തനികളും പക്ഷികളുമാണ്. സാധാരണ പൂച്ചയേക്കാള്‍ ഇരട്ടിവലുപ്പമുള്ള മീന്‍പിടിയന്‍പൂച്ചയുടെ മുഖ്യഭക്ഷണം മീനും ചെറിയ ജീവികളുമാണ്. കാട്ടിലെ ജലാശയങ്ങള്‍ക്കുസമീപവും ചതുപ്പുകളിലുമാണ് ഇവ കണ്ടുവരാറ്. പ്രദേശത്തിറങ്ങിയ ജീവി രണ്ട് വീടുകളിലെ വളര്‍ത്തുനായ്ക്കളെയും ഒട്ടേറെ തെരുവുനായ്ക്കളെയും ഭക്ഷണമാക്കിയ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ ഇവരിലൊരാള്‍ മരത്തില്‍ ജീവിയെ കണ്ടതോടുകൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. കക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ബി. മോഹനന്‍, കെ. അഷ്റഫ്, കെ. അബ്ദുള്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജി കെ.പി., അസി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ കക്കയം ഫോറസ്റ്റ് റേഞ്ചിലെ സംഘം പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല. ഉണങ്ങിയ ഇലകള്‍ മൂടിയ റബ്ബര്‍ എസ്റ്റേറ്റില്‍ കാല്‍പ്പാടുകള്‍ കണ്ടെത്താനെളുപ്പമല്ലെന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. ദിവസങ്ങളായി മങ്കയം കൈതച്ചാല്‍ പ്രദേശവാസികള്‍ ‘പുലി’യെപ്പേടിച്ച് സന്ധ്യകഴിഞ്ഞാല്‍ വീടിനുപുറത്തിറങ്ങാറില്ല. ടാപ്പിങ് തൊഴിലാളികളും മലയോരത്ത് കൃഷിക്കുപോകുന്നവരും ഭയത്തോടെയാണ് കഴിയുന്നത്.