കിണറ്റില്‍ വീണ യുവാവിനെ രക്ഷിച്ച് മുക്കം ഫയര്‍ഫോഴ്‌സ്


മുക്കം : കിണറ്റില്‍ വീണ യുവാവിന് രക്ഷകരായി നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും. നഗരസഭയിലെ തോട്ടത്തിന്‍കടവ് പച്ചക്കാട് കാരാടന്‍ റഹീമിന്റെ മകന്‍ ജിഫി (23)നാണ് കിണറ്റില്‍ വീണത്.

നാട്ടുകാര്‍ കിണറിലിറങ്ങി യുവാവിനെ പിടിച്ചുപൊക്കിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ് യുവാവിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ഫയര്‍മാന്‍മാരായ ബാബു, റാഷിദ്, ഫാസില്‍, രമേശ്, രാധാകൃഷ്ണന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുക്കം ജനമൈത്രി പൊലീസും സഹായത്തിനെത്തിയിരുന്നു.