കാർഷിക മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി വെളിയണ്ണൂർ ചെല്ലി; 20 കോടിയിലേറെ രൂപയുടെ പദ്ധതി പൂർത്തിയാവുമ്പോൾ കോഴിക്കോടിന്റെ നെല്ലറയാകും


പേരാമ്പ്ര: പ്രതീക്ഷാ കിരണങ്ങൾ ഉദിച്ചുയരുകയാണ് വെളിയണ്ണൂർ ചല്ലിയിൽ. ഒരു ജില്ലയുടെ മുഴുവൻ പ്രതീക്ഷകൾക്കാണ് മൈനർ ഇറിഗേഷൻ വകുപ്പ് വിത്തൊരുക്കിയിരിക്കുന്നത്. വടക്കെ മലബാറിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വെളിയണ്ണൂർ ചല്ലി ജില്ലയുടെ നെല്ലറയാകാനുള്ള പദ്ധതികളുടെ ആദ്യ കിരണങ്ങൾ കണ്ടു തുടങ്ങി. രണ്ടു നിയോജക മണ്ഡലങ്ങളിലെ അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുകയാണ് വെളിയണ്ണൂർ ചല്ലി.

നെൽകൃഷിക്ക് അനുയോജ്യമായ ഈ പാടശേഖരം പക്ഷെ വെള്ളക്കെട്ടിന്റെ പ്രശ്നം മൂലം കൃഷി ചെയ്യാനാവാതെ കിടക്കുകയായിരുന്നു.എന്നാൽ ഇതിന് പുത്തൻ രൂപം നൽകാനൊരുങ്ങുകയാണ് മൈനർ ഇറിഗേഷൻ വകുപ്പ്. ഇതിനകം കാർഷിക വികസനത്തിനായി മൈനർ ഇറിഗേഷൻ വകുപ്പ് 20.7 കോടിയുടെ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി കഴിഞ്ഞു. 250 ഹേക്ടർ വിസ്തീർണമുള്ള ചല്ലിയിൽ ജലക്രമീകരണ പദ്ധതി നടപ്പിലാക്കി ഈ പാടശേഖരം പൂർണമായി നെൽകൃഷിക്ക് അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വെള്ളക്കെട്ടാണ് വെളിയണ്ണൂർ ചല്ലിയിലെ പ്രധാന പ്രശ്നം. വെള്ളം ഒഴുകി പോകാത്തതിനാൽ കൃഷി ചെയ്യാനാവുന്നില്ല. എന്നാൽ പ്രകൃതിദത്തമായ സ്ലോപ്പ് വളരെ ചെറുതാണ്. അതിനാൽ തന്നെ വെള്ളം കെട്ടി കിടക്കും. ചെറിയ ചാലുകൾ ഉണ്ടാക്കി പാടത്തിനു മധ്യത്തിലൂടെ ഒഴുകുന്ന ചെറോൽ പുഴയിലേക്ക് ഒഴുക്കി വിടാനാണ് പദ്ധതി. ലിഫ്റ്റിങ്ങും ഡ്രെയിനിംഗമാണ് പ്രധാനമായും ഉപയോഗിക്കുന്ന രീതികൾ. അത്തരത്തിൽ വലിയൊരു ഭാഗം ഡ്രെയിൻ ചെയ്ത് എടുത്താൽ ആ ഭാഗങ്ങളിൽ നെൽ കൃഷി ചെയ്തെടുക്കാനാവും. ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥർ ടൈംസ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ മലബാറിലെ വൻനെൽകൃഷി പാടമായി വെളിയണ്ണൂർ ചല്ലി മാറും.

ജല ടൂറിസം പദ്ധതി

നെൽകൃഷി ചെയ്യാത്ത സ്ഥലത്ത് ജല ടൂറിസം പദ്ധതിയാണ് മറ്റൊരു ഹൈലൈറ്റ്. മൈനർ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിച്ചു. സംയോജിത കൃഷിയും ടൂറിസവും വികസനത്തിനും ഉപകരിക്കും. പദ്ധതി സർക്കാർ അംഗീകരിച്ച് നടപ്പിലായാൽ വൻ വികസന കുതിപ്പായിരിക്കും ഈ മേഖലയിൽ ഉണ്ടാവുക. നെൽകൃഷി, ഔഷധ സസ്യകൃഷി, മീൻ വളർത്തൽ, താറാവുവളർത്തൽ എന്നിവ്വ സുഗമമായി ചെയ്യാനാവും. വെള്ളക്കെട്ട് കൂടുതലുള്ള പുഴയുടെ ഭാഗത്ത് ബോട്ടിംങ് ടൂറിസം ഒരു സാധ്യതയാണ്.

‘കാർഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഒരു പോലെ പ്രയോജനപ്പെടാൻ പോകുന്ന ഒരു പദ്ധതിയാണ് വെളിയണ്ണൂർ ചല്ലിയിലെ ഇറിഗേഷൻ പ്രൊജക്റ്റ്. ഇവിടുത്തെ ഇക്കോ ടൂറിസം ഗവൺമെന്റ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രികരിക്കും. ഇതിലൂടെ ഗ്രാമവാസികൾക്ക് തൊഴിലധിഷ്ഠിത മെച്ചപ്പെടുത്തലുകൾ ഉണ്ടാവും എന്നത് മറ്റൊരു നേട്ടമാണ്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് അടുത്ത ബഡ്ജറ്റിൽ അനുവദിക്കാൻ നടപടിയെടുക്കും ചല്ലിയെ ജില്ലയിലെ പ്രധാന പാടശേഖരമാക്കും’ കാനത്തിൽ ജമീല എം. എൽ. എ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


‘ഇതിനോടൊപ്പം തന്നെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന വിസിബിയും അവടെ നിന്ന് 700 മീറ്റർ അകലെയുള്ള തകർന്ന നമ്പൂരി കണ്ടി വിസിബിയും പുനർനിർമിക്കും. വെള്ളമൊഴുകി പോവുക എന്ന പ്രധാന ആവശ്യത്തോടൊപ്പം വെള്ളം സംരക്ഷിക്കുന്ന സംവിധാനവും വേണം. വേനൽകാലത്ത് ഇവ പ്രയോജനപ്പെടും’. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വെളിയണ്ണൂർ ചല്ലിയുടെ ഭാഗമായുള്ള അയനിക്കാട് ഡാം ബണ്ടും കാലപ്പഴക്കത്താൽ നശിച്ചുപോയി . ഇതും ചല്ലിയോട് ചേർന്ന് കിടക്കുന്ന നായടൻ പുഴയും സംരക്ഷിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് മൈനർ ഇറിഗേഷൻ വകുപ്പ് തയാറാക്കിയത്.

ചെറോൽ പുഴ സംരക്ഷണം

കിഴക്ക് ഭാഗത്ത് നിന്ന് ഒഴുകി വരുന്ന ചെറോൽ പുഴയും പിന്നീട് പതിക്കുന്ന രാമർ പുഴയുടെയും സംരക്ഷണത്തിന് പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. വിസിബികളുടെ നിർമാണത്തിന് രണ്ടേമുക്കാൽ കോടി രൂപയാണ് കണക്കാക്കിയത്. നമ്പൂരി കണ്ടിതാഴ ബണ്ടിൻ്റെ താഴെയുള്ള ഭാഗങ്ങളിൽ നെൽക്കൃഷി പ്രായോഗികമല്ലെന്ന് പഠനത്തിൽ വ്യക്തമായ സാഹചര്യത്തിൽ ഇവിടെ മത്സ്യകൃഷി, താറാവ് കൃഷി എന്നിവ നടത്തുകയും കൂടുതൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ടൂറിസം സ്പോട്ടുകളാക്കി മാറ്റിയെടുക്കാനുമാണ് പദ്ധതി. പ്രധാന തോടുകൾ ചേരുന്ന തുരുത്തിയിൽതാഴ ഭാഗത്ത് വിസിബി നിർമാണം, പീറ്റക്കണ്ടി വിസിബി പുതുക്കി പണിയൽ, പാടശേഖരത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ ജലം സംഭരിക്കുന്നതിനു വേണ്ടി ചെറുകുളങ്ങളുടെ നിർമാണം എന്നീ
പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്.

മഴക്കാലത്തും വേനൽക്കാലത്തും വെള്ളക്കെട്ടും, ഉയർന്ന ചില ഭാഗങ്ങളിൽ ജലദൗർബല്യവും നേരിടുന്ന പ്രശ്നങ്ങൾ ചല്ലിയിലുണ്ട്. കനാൽ ചോർച്ചയാണ് വേനൽ കാലത്ത് ചല്ലിയിൽ വെള്ളക്കെട്ടുയരാൻ ഇടയാകുന്നത്.

മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രൊജക്റ്റ് തയ്യാറാക്കിയതിനടിസ്ഥാനത്തിലാണ് ഫിസബിലിറ്റി ബഡ്ജറ്റ് തയ്യാറാക്കിയത്. ഇതിനു മുകൾ ഭാഗങ്ങളിൽ കർഷകർ കൃഷി ചെയ്യുന്നുണ്ട്. ഇവിടം ശരിയാകുന്നതോടെ നെൽ കലവറയായി ഇവിടം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.