കാർത്തിക ദീപ പ്രഭയിൽ കൊല്ലം പിഷാരികാവ് ക്ഷേത്രം; വൻ ഭക്തജന തിരക്ക് (വീഡിയോ കാണാം)
കൊയിലാണ്ടി: തൃക്കാർത്തിക ദിവസത്തിന്റെ ഭാഗമായി പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തർ കാർത്തിക ദീപം തെളിയിച്ചു. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത് എന്നിവർ ചേർന്ന് ആദ്യ ദീപം കൊളുത്തി. തുടർന്ന് ഭക്തർ ചേർന്ന് ക്ഷേത്രമാകെ ദീപങ്ങൾ തെളിയിച്ചു. നൂറുകണക്കിന് ഭക്തരാണ് കാർത്തിക ദീപം തെളിയിക്കാനായി ക്ഷേത്ര സന്നിധിയിൽ എത്തിയത്.
വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് കാർത്തിക വിളക്ക് ആഘോഷം നടത്തപ്പെടുന്നത്. ഇത് ഭഗവതിയുടെ വിശേഷദിവസമായി കണക്കാക്കപ്പെടുന്നു. മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങിയാണ് തൃക്കർത്തികയാഘോഷിക്കുന്നത്. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്.
കാർത്തിക വിളക്കിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടത്തിവന്ന തൃക്കാർത്തിക സംഗീതോത്സവം ഇന്ന് സമാപിച്ചു. നവംബർ 12ന് ആരംഭിച്ച സംഗീതോത്സവത്തിൽ നിരവധി കലാകാരൻമാരാണ് സംഗീത പരിപാടികൾ അവതരിപ്പിച്ചത്. സമാപന പരിപാടി ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോർഡ് അംഗം ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ടി.കെ.രാജേഷ്, കീഴയിൽ ബാലൻ, പ്രമോദ് തുന്നോത്ത്, എ.പി. സുധീഷ്, വാഴയിൽ ബാലൻ നായർ, പി.എം.വിജയ കുമാർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ കെ.വേണു സ്വാഗതവും, എം.എം.രാജൻ നന്ദിയും പറഞ്ഞു.
വീഡിയോ കാണാം:
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.