കാസ്റ്റിഫൈഡ്‌സ്


നിവേദ് ശ്രീധർ

പതിവ് കർക്കിടക നാളുകളിലെന്നപോലെ ആകാശവും ഭൂമിയും ഇരുണ്ട് തന്നെ ഇരുന്നു. മഴ മണ്ണ് തൊടുന്ന നിമിഷമറിയാനുള്ള കാത്തിരിപ്പ് മാത്രമാണ് എന്നിൽ പ്രതീക്ഷയോടെ ബാക്കികിടന്നത്. ആ മൺതരികളിൽ കിടന്ന്കൊണ്ടും എനിക്ക് കാണാമായിരുന്നു ആ വീടിന്റെ ഉമ്മറ കോലായിലിരിക്കുന്ന ധനേഷിനെയും ദീപുവിനെയും. പിന്നെ അവരിരുവരുടെയും കൈയ്യിൽ ഒരോ ചായ ഗ്ലാസ്സ് ഏൽപിച്ച ശേഷം തന്റെ തട്ടകമായ അടുക്കളയിലേക്ക് മടങ്ങുന്ന ധന്യയെയും.

മച്ചുനൻ ദീപുവുമായുള്ള വൈകുന്നേരങ്ങളിലെ സൊറ പറച്ചിൽ വിഷയങ്ങളിൽ നിന്നും വെത്യസ്തമായി അന്ന് ധനേഷിന്റെ സംസാരത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നത് സഹോദരി ധന്യയുടെ കല്യാണത്തെ കുറിച്ചുള്ള ആശങ്കകളായിരുന്നു. ഒരു നാടൻ പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം 30 വയസ്സ് കഴിയുകയെന്നാൽ അത് കല്യാണ കമ്പോളത്തിൽ സംഭവിക്കുന്ന വിലയിടിച്ചിലാണെന്ന ധനേഷിന്റെ നിരീക്ഷണം ദീപുവും ശരിവച്ചു. അത് കൊണ്ട് തന്നെ ആ വിഷയത്തിലുള്ള ധനേഷിന്റെ ആശങ്കകളും ആകുലകതകളും നിറഞ്ഞ സംസാരത്തിനിടയിൽ അങ്ങനെയൊരഭിപ്രായം മുന്നോട്ട് വയ്ക്കാൻ ദീപുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

തന്റെ കൈയ്യിലുള്ള പേപ്പറിലെ ക്ലാസിഫൈഡ്‌സ് കോളം ഉയർത്തി കാട്ടി കൊണ്ട് “നമുക്ക് ക്ലാസിഫൈഡ്‌സ് കോളത്തിലൊരു പരസ്യം കൊടുത്താലെന്താ” എന്ന് ദീപു ചോദിച്ചത് ഞാൻ കേട്ടിരുന്നു. ആദ്യം ധനേഷതിനോട് ഒട്ടും തന്നെ താല്പര്യം കാട്ടിയതായി തോന്നിയില്ല. ബ്രോക്കർമാര്, നിരവധി വിവാഹ ബ്യൂറോകൾ എല്ലാത്തിനും പുറമെ ഓൺലൈൻ മാട്രിമോണി സൈറ്റുകൾ എന്നിവയിലൂടെയെല്ലാം നോക്കിയിട്ടും നടക്കാത്ത കാര്യം നടത്തിയെടുക്കാനുള്ള പര്യാപ്തത ഒരു പത്ര പരസ്യത്തിനുണ്ടോ എന്ന ചോദ്യം ധനേഷിനുള്ളിൽ നിറഞ്ഞു കിടക്കുന്നത് കൊണ്ടാവാം. ഒരു വിധം എല്ലാ മാർഗ്ഗങ്ങളും ശ്രമിച്ചു നോക്കിയ സ്ഥിതിക്ക് ഇനി അത് മാത്രമായി ബാക്കി വയ്ക്കേണ്ടെന്നായി ദീപു.

തെക്കേലെ നാരായണേട്ടന്റെ മോൾടെ കല്യാണം ശരിയായത് പത്രം വഴി ആണെന്ന അനുഭവ സാക്ഷ്യം ദീപു ധനേഷിന് മുന്നിൽ നിരത്തി. ഏതാനും നിമിഷങ്ങൾ നീണ്ട ചിന്തയ്ക്കൊടുവിൽ അത് അംഗീകരിച്ചുകൊണ്ട് അവൻ പത്രമോഫീസിൽ ജോലി ചെയ്യുന്ന സുഹൃത്തായ സുഭാഷിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു. “സുഭാഷേ…ഇഞ് നെന്റെ പേപ്പറില് ധന്യേടെ പേരിലൊരു കല്യാണ പരസ്യം കൊടുക്കണം..” അതുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും ധനേഷ് സുഭാഷിനെ അറിയിച്ചു. സംഗതി അംഗീകരിച്ചു കൊണ്ട് മൂളുന്നതിനൊപ്പം കൊടുക്കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഏകദേശ രൂപമുണ്ടാക്കി അയക്കാനാണ് സുഭാഷ് ആവശ്യപ്പെട്ടത്. കുടുംബത്തിലെ എഴുത്ത്കുത്ത് വിഷയങ്ങളിൽ സ്ഥിരക്കാരൻ ദീപുവാണ്. ആ മുറ തെറ്റിക്കാതെ ധനേഷ് ദീപുവിനെ തന്നെയാണ് കാര്യം ഏൽപ്പിച്ചത്.

ജാതി നിർബന്ധങ്ങൾ ഒന്നും തന്നെ ഇല്ലെന്ന കാര്യം പ്രത്യേകം ചേർക്കാൻ ധനേഷ് ദീപുവിനോട് നിർദ്ദേശിച്ചു. വൈകാതെ തന്നെ ദീപു ജോലി തുടങ്ങി. മുൻപ് ഒരു വിവാഹ പരസ്യം തയ്യാറാക്കി പരിചയമില്ലാത്തതിനാൽ ഒരു ധാരണ തീർക്കാൻ അവൻ ഏതാനും മാട്രിമോണി കോളങ്ങളിലൂടെ കണ്ണുകളോടിച്ചു. ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ താൻ രൂപപ്പെടുത്തി എടുത്ത വിവാഹ പരസ്യം ധനേഷിന് കൈമാറി, ധനേഷത് നേരെ സുഭാഷിന് ഫോർവെർഡ് ചെയ്തു. എന്റെ ഉള്ളിലും ആ കല്യാണം നടക്കാനായുള്ള പ്രാർത്ഥനകളായിരുന്നു. വൈകി പോവുന്ന വിവാഹം ധന്യയിൽ കണ്ണീർ ചാലുകൾ തീർത്തത് ഒരിക്കൽ ഞാൻ കണ്ടതാണ്.

ഏതാനും മിനുട്ടുകൾക്കകം ധനേഷിന്റെ ഫോണ് സുഭാഷിന്റെ നമ്പറിൽ നിന്നും ബെല്ലടിച്ചു. ധനേഷ് ഫോണ് എടുത്തപാടെ തന്നെ സുഭാഷ് കാര്യത്തിലേക്ക് കടന്നു.
“ധനേഷാ… ഇഞ് അയച്ചത് ഞാൻ വായിക്കാ.. ഇത് ശരിയാന്നൊന്ന് ഇഞ് തന്നെ പറ..” “എന്താ കൊയപ്പം സുഭാഷേ…”
“തിയ്യ സുന്ദരി, 32. ഇടത്തരം കുടുംബം. ജാതി ഏതുമാകാം, sc/st ഒഴികെ…”എന്താ ധനേഷാ ഇത്..”
സുഭാഷ് അത് പറഞ്ഞ ശേഷം ധനേഷ് ദീപുവിനെ ഒന്ന് കടുപ്പിച്ച് നോക്കി
“അയ്യയ്യേ…സുഭാഷേ… അത് ഇമ്പളെ ദീപു പറ്റിച്ച പണിയാ….ഓനാ അത് ഇണ്ടാക്കി അയച്ചെ…ഞാനാച്ഛാ മരിയായിക്ക് നോക്കേം ചെയ്തില്ല…”
“എനിക്കും തോന്നി… നെന്നെ എനിക്ക് അറിയാവുന്നല്ലേ…, നീ എന്നാ മാറ്റി അയക്ക്. സുഭാഷ് പറഞ്ഞു.

ഫോണ് അവസാനിപ്പിച്ചതിന് ശേഷം ദീപു വരുത്തിയ തെറ്റ് ചൂണ്ടി കാട്ടികൊണ്ട് ധനേഷ് ശകാരവർഷം തുടങ്ങി. അത്തരത്തിലൊരു പരസ്യം സമൂഹത്തിൽ അവർക്ക് മേൽ ഉണ്ടാക്കാൻ സാധ്യതയുള്ള അവമതിപ്പ് എത്രത്തോളമാവുമെന്ന് ദീപുവിനെ ധനേഷ് പറഞ്ഞു ബോധ്യപ്പെടുത്തുന്നത് കണ്ട് എനിക്ക് ധനേഷിനോട് മതിപ്പ് തോന്നി. അങ്ങനെയിരിക്കെ എല്ലാം കീഴ്മേൽ മറഞ്ഞത് ദീപുവിന്റെ അവസാന ചോദ്യത്തിലായിരുന്നു.
“അപ്പൊ ഒരെടേലും നോക്ക്ന്നുണ്ടോ..”
ധനേഷ് മറുപടി നൽകി
“ഓരേ എടേലേക്കൊക്കെ എങ്ങന്യാ പെണ്ണിനെ പറഞ്ഞയക്യാ….ഞാൻ പറഞ്ഞത് അതൊന്നും പരസ്യായി പറയാൻ പാടില്ലാ ന്നാ… പഴേ കാലൊന്നും അല്ല..” ആ മറുപടി എന്നെ തകർത്തു. ഒരു പക്ഷെ മേൽചുവരിൽ അവർ ഫ്രെയിം ചെയ്ത് തൂക്കിയ ആ നാരായണനെയും..


ഏതാനും നിമിഷങ്ങൾക്ക് ശേഷം ഞാൻ ആശിച്ച പോലെ മഴ മണ്ണ് തൊട്ടു. പക്ഷെ ആ മഴ വെള്ളം നിറയെ അന്തരീക്ഷം വിഷം കലർത്തിയിരുന്നു. അതിനാൽ തന്നെ ആ മഴയിൽ നിന്നും എന്റെ വേരുകൾ ഒന്നും തന്നെ വലിച്ചെടുക്കാൻ തുനിഞ്ഞില്ല. വളരാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. പതിവ് പോലെ ഞാൻ വീണ്ടും അടുത്ത മഴയ്ക്കായുള്ള കാത്തിരിപ്പ് തുടർന്നു..