കാസര്‍കോട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി


കാസര്‍കോട്: കാസർകോട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചു. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ ബോട്ടിൽ പിടിച്ച് കിടക്കുകയായിരുന്നു ഇവർ.

നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണെന്നും ഹാർബറിനോട് അനുബന്ധിച്ച പുലിമുട്ടിന്‍റെ അശാസ്ത്രീയ നിർമാണമാണ് കാരണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോസ്റ്റൽ പൊലീസിന്‍റെ രക്ഷാപ്രവർത്തന ബോട്ട് എത്താൻ താമസിച്ചെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചു. നിലവിൽ കോസ്റ്റൽ പൊലീസിന്‍റെ കൈവശമുള്ള ബോട്ട് രക്ഷാപ്രവർത്തനത്തിന് സഹായകരമല്ലെന്നും വലിയ ബോട്ട് വേണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും അവഗണിച്ചെന്നും നാട്ടുകാർ പറ‌ഞ്ഞു. ‍