കാളിയാട്ട ദിനത്തിലും പോളിംഗ് ബൂത്തിലേക്ക് ഒഴുകി ജനം; ദേവസ്വം എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിലുമായി 84 ശതമാനം വോട്ടർമാരും എത്തി


കൊയിലാണ്ടി: പിഷാരികാവ് ഉത്സവം തെരഞ്ഞെടുപ്പ് പോളിംഗിനെ ബാധിച്ചില്ല. കൊല്ലം മേഖലയിലെ ബൂത്തുകളിൽ നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. പിഷാരികാവ് കാളിയാട്ട ദിവസംതന്നെ വോട്ടെടുപ്പും വന്നത് പ്രദേശത്തെ പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക രാഷ്ട്രീയപ്പാർട്ടികളിലുണ്ടാക്കിയിരുന്നു.

പിഷാരികാവ് കാളിയാട്ടപ്പറമ്പിലുള്ള പിഷാരികാവ് ദേവസ്വം എൽപി സ്കൂളിൽ 83, 84, 85 എന്നീ മൂന്ന് ബൂത്തുകളിലായി 3005 വോട്ടർമ്മാരാണ് വോട്ട് ചെയ്യാൻ എത്തേണ്ടിയിരുന്നത്. അതിൽ 2520 വോട്ടർമ്മാരും പിഷാരികാവ് ദേവസ്വം എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തി. 84 ശതമാനം പേരും തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചു.

പിഷാരികാവിൽ വോട്ടർമ്മാരെ സഹായിക്കാനായുള്ള രാഷ്ട്രീയപ്പാർട്ടിയുടെ സജീവമായ ബൂത്ത്

കാളിയാട്ട ദിവസം ഉച്ചയ്ക്ക് ശേഷമാണ് ചടങ്ങുകൾ എന്നത് കൊണ്ട് ഉച്ചയ്ക്ക് മുമ്പുതന്നെ ബഹു ഭൂരിപക്ഷം പേരും വോട്ടു ചെയ്യാനെത്തിയിരുന്നു. നിർണ്ണായകമായ തിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടർമ്മാരെ ബൂത്തിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.

ഇലക്ഷൻ കമ്മീഷൻ സ്കൂളിന് മുമ്പിൽ ബാരിക്കേഡ് തീർക്കുകയും വോട്ടർമ്മാർ ക്യൂ നിൽക്കുന്ന സ്ഥലത്ത് പന്തലിടുകയും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തീർത്തും സമാധാനപരമായാണ് ഇവിടെ പോളിംഗ് അവസാനിച്ചത്. വൈകീട്ട് 6 മണിക്ക് ശേഷം ഒരു കോവിഡ് രോഗിയും പിപിഇ കിറ്റ് ധരിച്ച് ഇവിടെ വോട്ട് ചെയ്യാൻ എത്തി.