കാലാവധി കഴിഞ്ഞിട്ടും പണിപൂര്‍ത്തിയായില്ല; പേരാമ്പ്ര താന്നിക്കണ്ടി -ചക്കിട്ടപാറ റോഡിന്റെ നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം ശക്തം
പേരാമ്പ്ര : പേരാമ്പ്രയിൽനിന്ന് പൈതോത്ത് താന്നിക്കണ്ടിവഴി ചക്കിട്ടപാറയിലേക്കുള്ള റോഡ് പ്രവൃത്തി ഒന്നരവർഷമായിട്ടും പൂർത്തിയായില്ല. പേരാമ്പ്ര ടൗണിൽനിന്ന് തുടങ്ങി 8.2 കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ പാത വീതികൂട്ടി റീടാറിങ് നടത്തുന്നത്. പത്തുകോടിരൂപ ചെലവിലുള്ള പ്രവൃത്തി കഴിഞ്ഞവർഷം ജനുവരിയിലാണ് ആരംഭിച്ചത്. എട്ട് മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. കാസർകോട് സ്വദേശിയാണ് പ്രവൃത്തി കരാറെടുത്തത്.
കരാർ കാലാവധി കഴിഞ്ഞതിനാൽ സമയം ദീർഘിപ്പിച്ച് നൽകാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്. കഴിഞ്ഞദിവസം ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റോഡ് ടാറിങ്ങിന് മുന്നോടിയായി നടക്കുന്ന അഴുക്ക് ചാലിന്റെയും കലുങ്കിന്റെയും പ്രവൃത്തിപോലും പൂർത്തിയായിട്ടില്ല. രണ്ട് കലുങ്കുകൾ പാതി നിർമിച്ച നിലയിലാണ്. മഴ ശക്തമായതിനാൽ ഇപ്പോൾ പ്രവൃത്തിയൊന്നും നടക്കുന്നില്ല. പേരാമ്പ്രമുതൽ പള്ളിത്താഴ വരെയുള്ള ഭാഗം ഏതാനുംവർഷംമുമ്പ് വീതികൂട്ടി പുനർനിർമിച്ചിരുന്നു. ശേഷിച്ചഭാഗത്ത് വീതിയും കൂട്ടണം. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമിക്കുന്ന റോഡിന് 5.5 മീറ്റർ വീതിയുണ്ടാകും. അഴുക്ക്ചാൽ നിർമിക്കുന്നുണ്ടെങ്കിലും കുറച്ചുഭാഗത്ത് മാത്രമാണ് അടങ്കലിൽ ഉൾപ്പെട്ടിട്ടുള്ളത്.
ടാറിങ് തുടങ്ങാൻ താമസിക്കുന്നതോടെ നിലവിലെ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കുഴിയായിട്ടുണ്ട്. ചിലയിടങ്ങളിൽ മഴ തുടങ്ങിയസമയത്ത് കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചിരുന്നു. പൈതോത്ത് ഗ്രാമം സ്റ്റോപ്പിനുസമീപം റോഡ് പാടെ തകർന്ന് വെള്ളം കെട്ടിനിൽക്കുകയാണ്. നല്ല മഴയത്ത് വലിയരൂപത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ വാഹനയാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിന്റ നവീകര പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ നാട്ടുകാരുടെ ആവശ്യം