കാലവര്‍ഷത്തിനുമുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ റോഡുകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും വേണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് എന്‍ജിനിയര്‍ മുതല്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ വരെയുള്ള 70 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.