കാറ്റും കുളിരും തമിഴ്‌നാടന്‍കാഴ്ചകളും ഒപ്പം ട്രക്കിംഗും; ചതുരംഗപ്പാറയുടെ വിശേഷങ്ങള്‍ അറിയാം


യ്യെത്തിപ്പിടിച്ചാല്‍ മേഘങ്ങള്‍ കൂട്ടുവരുന്ന ഒരിടം…. കയറിച്ചെല്ലുമ്പോള്‍ ഈ യാത്ര സ്വര്‍ഗ്ഗത്തിലേക്കാണോ എന്നു തോന്നിക്കുന്ന നാട്.. ശക്തിയായി വീശിയടിക്കുന്ന കാറ്റില്‍ പിടിച്ചു നിന്നില്ലെങ്കില്‍ പണി പാളിയതു തന്നെ… കാറ്റാടി മരങ്ങളും തമിഴ്‌നാടന്‍ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ ചങ്കില്‍ കയറിക്കൂടി, ഒരൊറ്റ ഫ്രെയിമില്‍ തന്നെ ഇടുക്കിയുടെയും തമിഴ്‌നാടിന്റെയും കാഴ്ചകള്‍ കാണിച്ചു തരുന്ന ചതുരംഗപ്പാറ. കാറ്റിനെയും കാറ്റാടി മരങ്ങളെയും കൂട്ടുപിടിച്ച് കാണേണ്ട ചതുരംഗപ്പാറയുടെ വിശേഷങ്ങള്‍ അറിയാം.

കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായാണ് ചതുരംഗപ്പാറ എന്ന ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. മലമുകളില്‍ കയറിയാല്‍ ചുറ്റിനും നിറയുന്ന വിദൂരകാഴ്ചകളാണ് മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍നിന്നു ചതുരംഗപ്പാറയെ വ്യത്യസ്ഥമാക്കുന്നത്. എങ്ങും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാല്‍ കണ്ണില്‍ നിറയുന്ന മനോഹരകാഴ്ചകളുമെല്ലാമാണ് വിനോദ സഞ്ചാരികളെ ചതുരംഗപ്പാറയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഇവിടം.

പൂപ്പാറ എത്തുന്നതിന് മുന്‍പ് ചതുരംഗപ്പാറ ജംഗ്ഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ട്രെക്ക് ചെയ്ത് ഇവിടെ എത്തിച്ചേരാം. തമിഴ്‌നാടിന്റെ സുന്ദരമായ വിദൂര കാഴ്ചകള്‍ നല്‍കുന്ന വ്യൂപോയിന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹാരിതയാര്‍ന്ന ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും പട്ടണങ്ങളുടെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. മികച്ച രീതിയില്‍ കാറ്റു വീശുന്ന സ്ഥലമായതിനാല്‍ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

മലമുകളിലെ കാറ്റാടിപ്പാടത്തെത്തിയാല്‍ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും അണക്കരമെട്ട്, പുഷ്പക്കണ്ടം, തേവാരംമെട്ട്, മാന്‍കുത്തി മേട് എന്നിവയുടെ വിദൂരദൃശ്യവും ആരെയും ത്രസിപ്പിക്കുന്നതാണ്. ഏലമലക്കാടുകളുടെ പച്ചപ്പ് തിങ്ങിയ ചിന്നക്കനാലിന്റെ കാഴ്ചയും സൂര്യനെല്ലി, ഗ്യാപ്പ് റോഡ് എന്നിവയുടെ വിദൂരദൃശ്യവും ഇവിടെയെത്തുന്ന യാത്രികരെ വീണ്ടും വീണ്ടും എത്തുവാന്‍ പ്രേരിപ്പിക്കുന്നതാണ്.

സമുദ്രനിരപ്പില്‍ നിന്നു ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ എപ്പോള്‍ നോക്കിയാലും നന്നായി കാറ്റു വീശുന്ന ഒരിടം കൂടിയാണ് ഇവിടം. വിവിധ ആകൃതികളില്‍ കാണുന്ന പാറക്കൂട്ടങ്ങളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ട്രക്കിംഗ് നടത്താന്‍ പറ്റുന്ന ഇടമാണെങ്കിലും അത്രയധികം തിരക്കുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല ഇവിടം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ് ഈയിടെയായി സഞ്ചാരികള്‍ കൂടി വരുന്നുണ്ട്.

എങ്ങനെ എത്തിച്ചേരാം

ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. തേക്കടി-മൂന്നാര്‍ സംസ്ഥാന പാത വഴി ഇവിടെ എത്താം. ഇത് കൂടാതെ കോതമംഗലം-അടിമാലി-രാജകുമാരി-പൂപ്പാറ-കുമളി വഴിയും ചതുരംഗപ്പാറയിലെത്താം.

ചതുരംഗപ്പാറ കവലയില്‍ നിന്നും മുകളിക്ക് കയറിയാണ് വ്യൂ പോയിന്റില്‍ എത്തുന്നത്. കവലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മുകളിലേക്ക് കയറ്റം കയറിവേണം എത്താന്‍

കവലയില്‍ നിന്നും മുകളിലേക്കുള്ള രണ്ടു കിലോമീറ്റര്‍ ദൂരം ഒരല്പം പരീക്ഷണം നിറഞ്ഞ വഴിയാണ്. വണ്ടികളൊക്കെ ഒരു രസത്തില്‍ ഓടിച്ചു കയറാറാമെങ്കിലും നടന്നു കയറിയാല്‍ കുറച്ച് പാടാകും എന്നത് യാഥാര്‍ഥ്യം. എന്നാലിപ്പോള്‍ മുകളില്‍ വരെ വണ്ടി പോകുന്നുള്ളതുകൊണ്ട് ആര്‍ക്കും എളുപ്പത്തില്‍ കയറിച്ചെല്ലാം. അതിരാവിലെയോ, അല്ലെങ്കില്‍ അസ്തമയ സമയമോ ആണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം.