കാറില്‍ കടത്തിയ 17 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍


കൊണ്ടോട്ടി: കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക സംഘം കൊണ്ടോട്ടി ടൗണില്‍ നിന്ന് പിടികൂടിയത്.

പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷത്തോളം വിലവരും. വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമമെന്ന് പൊലീസ് സംശയിക്കുന്നു.

രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധംമുള്ളതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. വിദേശത്തേക്ക് കാരിയര്‍മാരെ ഉപയോഗിച്ച് മയക്കുമരുന്നും തിരിച്ച് സ്വര്‍ണവും കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.