കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു


 

കൊച്ചി: അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് കാറില്‍ വച്ചതിന് നടന്‍ ജോജു ജോര്‍ജ്ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. പിഴയടക്കുകയും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഹാജരാക്കുകയും ചെയ്യണമെന്ന് എറണാകുളം ആര്‍.ടി.ഒ പി.എം ഷെബീര്‍ ഉത്തരവ് നല്‍കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്‍കിയ പരാതിയിലാണു നടപടി. കോണ്‍ഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപ്പണിക്കു നല്‍കിയിരിക്കുകയാണ്. അസിസ്റ്റ്ന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ചന്തുവിന്റെ നേതൃത്വത്തില്‍ അവിടെയെത്തി കാര്‍ പരിശോധിച്ച് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

 

ജോജുവിന്റെ മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആര്‍.ടി.ഒക്കു ലഭിച്ചതു ചാലക്കുടി ആര്‍ടിഒക്കു കൈമാറിയിട്ടുണ്ട്.