കാറപകടം: കേസൊഴുവാക്കാന്‍ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കോഴിക്കോട്ടെ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: വില്‍പ്പനക്കായി ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വാഹനാപകടക്കേസ് ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട്ടെ യൂസ്ഡ് കാര്‍ ഷൊറൂമില്‍ വില്‍പ്പനക്കായി വെച്ചിരുന്ന കാര്‍, ഷോറൂം ഉടമകളില്‍ ഒരാള്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തില്‍പ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ആര്‍.സി ഉടമയ്ക്കെതിരെ കേസ് എടുക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനാണ് ഷോറൂം ഉടമ പൊലീസുകാരന് കൈക്കൂലി നല്‍കിയത്. പൊലീസുകാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് അരലക്ഷം രൂപ നിക്ഷേപിച്ചത്.

ഈ വിവരം സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജറിയുകയും പ്രാഥമികാന്വേഷണം നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളേജ് അസി. കമീഷണര്‍ കെ. സുദര്‍ശനെ ചുമതലപ്പെടുത്തുകയായിരുന്നു.