കാര്യക്ഷമമല്ലാത്ത 12 മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടും; സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഷാഫി പറമ്പില്‍ കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ 12 മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അല്ലാത്തവര്‍ക്കെതിരെ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നടപടികള്‍ സ്വീകരിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ചരിത്ര തിരസ്‌കരണത്തിനെതിരെ ക്യാംപെയിനുമായി യൂത്ത് കോണ്‍ഗ്രസ് വീടുകളിലേക്ക് എത്തും. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്. എത്ര തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ ഏറ്റാലും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കോണ്‍ഗ്രസ് മാത്രമേ ഉണ്ടാവുകയുള്ളൂ. അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കേഡര്‍മാരെ യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല’ എന്ന സന്ദേശത്തോടെ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇന്ത്യ യുനൈറ്റഡ് ക്യാംപെയ്ന്റ ഭാഗമായി ജില്ലയില്‍ ഒക്ടോബര്‍ 30 ന് നിയോജകമണ്ഡലം തലങ്ങളില്‍ ഇന്ദിരാഗാന്ധി സ്മൃതി സദസ്സുകള്‍ നടത്തും. നവംബര്‍ ആറിന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്രകള്‍ നടത്തും. നവംബര്‍ 14 ന് ജില്ലാ പദയാത്രയും പൊതു സമ്മേളനവും നടത്താനും തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥന്‍, റിജുല്‍ മാക്കുറ്റി, ഭാരവാഹികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, എം. ധനീഷ് ലാല്‍, വി.പി. ദുല്‍ഖിഫില്‍, കമല്‍ ജിത്ത്, ബവിത്ത് മാലോല്‍, വി.ടി. നിഹാല്‍, അജയ് ബോസ്, ഇ.കെ. ശീതള്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.