കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം നിര്‍മ്മാണ തൊഴിലാളിക്ക്; കൂവപ്പൊയില്‍ സ്വദേശിക്ക് ലഭിച്ചത് ഇരട്ട ഭാഗ്യം
പേരാമ്പ്ര: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷം രൂപ കൂവപ്പൊയിലിലെ നിര്‍മ്മാണ തൊഴിലാളിക്ക്. കിളച്ചപ്പറമ്പില് ശ്രീധരനെയാണ് ഭാഗ്യം തുണച്ചത്.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന അറുപത്തിനാല് വയസുള്ള ശ്രീധരന് ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനം ലഭിക്കുന്നത്. ടിക്കറ്റിന് ഒരു രൂപ വിലയുള്ളപ്പോള്‍ മുതല്‍ ഇദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്.
പട്ടാണിപ്പാറയിലെ യശോദ ബാലന്റെ കടയില്‍ നിന്നാണ് ഇദ്ദേഹം രണ്ട് ടിക്കറ്റുകള്‍ എടുത്തത്. ശനിയാഴ്ച വൈകീട്ടാണ് സമ്മാനം ലഭിച്ച വിവരം ശ്രീധരന് അറിഞ്ഞത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നമ്പര്‍ ഉറപ്പിച്ച ശേഷം ടിക്കറ്റ് ചക്കിട്ടപാറ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. രണ്ടാമത്തെ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ എട്ടായിരം രൂപയും ലഭിച്ചതിനാല്‍ ശ്രീധരന് ഇരട്ട ഭാഗ്യമാണ് ലഭിച്ചത്.
1982 മുതല്‍ 16 വര്‍ഷത്തോളം പ്രവാസിയായിരുന്ന ശ്രീധരന് നിരവധി കടബാധ്യതകള്‍ ഉണ്ട്. സമ്മാനത്തുക ലഭിച്ചാല്‍ അതെല്ലാം തീര്‍ക്കണമെന്നാണ് ശ്രീധരന് പറയുന്നത്. കൂടാതെ നല്ലൊരു വീടും വയ്ക്കണം. അതേസമയം കല്ലുകെട്ട് തൊഴില്‍ പതിവ് പോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിജയലക്ഷ്മിയാണ് ശ്രീധരന്റെ ഭാര്യ. ആദ്യഭാര്യയായ ദേവകിയുടെ മരണശേഷമാണ്ശ്രീധരന് വിജയലക്ഷ്മിയെ വിവാഹം ചെയ്തത്. അമ്പിളിയാണ് ഏകമകള്‍.