കായണ്ണ മുത്താച്ചിപ്പാറയില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു


കായണ്ണബസാര്‍: പേരാമ്പ്ര മേഖലയിലെ ചിത്രകലാകാരന്മാരുട കൂട്ടായ്മയായ ദി ക്യാമ്പിന്റെ നേതൃത്വത്തില്‍ മുത്താച്ചി പാറയില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. മുത്താച്ചിപാറയ്ക്ക് കൂടുതല്‍ ജനശ്രദ്ധ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വര്‍ണ്ണശില എന്ന പേരില്‍ ദ്വി ദിന ക്യാമ്പ് സംഘടിപ്പിച്ചത്.

നവംബര്‍ 20, 21 തിയ്യതികളിലായി നടന്ന ക്യാമ്പില്‍ കലാകാരന്മാരായ ബഷീര്‍ ചിത്രകൂടം, രമേശ് കോവുമ്മല്‍, കുഞ്ഞബ്ദുള്ള തച്ചോളി, ലിതേഷ് കരുണാകരന്‍, ദീപേഷ് സ്മൃതി, രജ്ഞിത്ത് പട്ടാണിപ്പാറ, കെ.സി. രാജീവന്‍, വി.കെ. സുരേഷ്, കെ. രജികുമാര്‍, നിതേഷ് തെക്കേലത്ത്, സജീവ് കീഴരിയൂര്‍, സോമനാഥന്‍ പുളിയുള്ളതില്‍, ദേവരാജ് കന്നാട്ടി, ആര്‍ബി പേരാമ്പ്ര, ഋതുപര്‍ണ്ണ രാജീവ്, ബാബു പുറ്റം പൊയില്‍ എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. ഷിജു അധ്യക്ഷത വഹിച്ചു. ബഷീര്‍ ചിത്രകൂടം, സുമേഷ് നാട്ടുകൂട്ടം, എ.പി.എം. കുമാരന്‍, ഡോ. സി.ജെ ജോര്‍ജ്ജ്, ഡോ. പി.സോമനാഥന്‍, റിദുല്‍ മോദ് എന്നിവര്‍ സംസാരിച്ചു. വര്‍ണ്ണശില ക്യാമ്പ് ഡയറക്ടര്‍ ലിതേഷ് കരുണാകരന്‍ സ്വാഗതവും ദി ക്യാമ്പ് സെക്രട്ടറി ആര്‍ബി പേരാമ്പ്ര നന്ദിയും പറഞ്ഞു.

ചായക്കൂട്ടത്തില്‍ തീര്‍ത്ത ചിത്രങ്ങള്‍ക്കൊപ്പം മുത്താച്ചിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ക്യാമ്പിനോട് അനുബന്ധിച്ച് നാട്ടുകാരുടെ ഗാന വിരുന്ന്, കാവടിയാട്ടം എന്നിവയും ഉണ്ടായിരുന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ക്യാമ്പ് സന്ദര്‍ശിച്ചു.

കായണ്ണ പഞ്ചായത്തിലെ മനോഹരവും വളരെയധികം ടൂറിസം സാധ്യതകളുള്ളതുമായി ഒരു പ്രദേശമാണ് മുത്താച്ചിപാറ. സമുദ്രനിരപ്പില്‍ നിന്ന് മൂന്നൂറ് അടി ഉയരത്തിലാണ് മുത്താച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുത്താച്ചിപ്പാറ ടൂറിസം വികസനത്തിനായി സമഗ്രമായ പ്ലാന്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി മുത്താച്ചിപ്പാറ മാറും.

മുത്താച്ചിപ്പാറയിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് കായണ്ണ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പരിപാടികളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.