കായണ്ണ, നൊച്ചാട് പഞ്ചായത്തുകളില്‍ ഷിഗല്ല സ്ഥിരീകരിച്ചു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍


പേരാമ്പ്ര: കായണ്ണ, നൊച്ചാട് പഞ്ചായത്തുകളില്‍ ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. ഇരുപഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളില്‍ വയറിളക്കവും ഛര്‍ദ്ദിയും ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

കായണ്ണയില്‍ മാത്രം ഇരുനൂറിലേറെ പേര്‍ക്കാണ് ഷിഗല്ല ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികള്‍ക്കും ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

നൊച്ചാട് പഞ്ചായത്തിലെ വാളൂര്‍ പ്രദേശത്ത് 33 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു കുട്ടികള്‍ ഷിഗല്ല ബാധിതരാണെന്ന് സ്ഥിരീകരിച്ചു.

രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. രോഗബാധിത മേഖലകളിലെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

വീടുകളിലെ കിണര്‍ വെള്ളം പരിശോധന നടത്താനും നടപടിയായി. വിവാഹം തുടങ്ങിയ ആഘോഷ ചടങ്ങുകള്‍ നടക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ആരോഗ്യ വകുപ്പിന് മുന്‍കൂട്ടി വിവരം നല്‍കണം. പാചകക്കാരുടെ ഫോണ്‍ നമ്പര്‍ ആരോഗ്യ വകുപ്പിന് നല്‍കണം. വെള്ളമെടുക്കുന്ന കിണര്‍ ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പു വരുത്തണം, പാകം ചെയ്യുന്ന പാത്രങ്ങളും സാധനസാമഗ്രികളും വൃത്തിയുള്ളതായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

കായണ്ണയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശിയും, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.ശാരദയും യോഗത്തില്‍ അധ്യക്ഷരായി.