കായണ്ണയിൽ സ്‌കൂളിന് ഭീഷണിയായി കരിങ്കല്‍ ക്വാറി; ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ഒന്നരമാസം പിന്നിട്ടു


കായണ്ണ ബസാര്‍: സ്‌കുളിനും പ്രദേശവാസികള്‍ക്കും ഭീഷണിയുയര്‍ത്തുന്ന കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 50-ാം ദിവസത്തേക്ക് കടന്നു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുന്നൂറോളം വീടുകള്‍ക്കും തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. ക്വാറി ഉടമകളെ സഹായിക്കാനായി സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് വൈകിച്ചതായും പരാതിയുണ്ട്.

സ്കൂൾ തുറന്നിട്ടും ക്ലാസിനെത്താൻ ഭയക്കുകയാണ് കാറ്റുളളമല നിർമ്മല എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് പ്രശനം. തുടർച്ചയായ പാറപൊട്ടിക്കൽ കാരണം, സ്കൂൾ കെട്ടിടം പലയിടത്തും വിണ്ടുകീറിയിട്ടിുണ്ട്. കു‌ഞ്ഞുങ്ങളുടെ ജീവനുവരെ ഭീഷണിയായ ക്വാറിക്കെതിരെ സ്കൂള്‍ അധികൃതർ പരാതി നൽകിയിരുന്നു. എന്നാൽ ക്വാറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ബലക്ഷയമുണ്ടായ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കേണ്ടെന്ന വിചിത്ര നിലപാടാണ് പഞ്ചായത്ത് എടുത്തത്.

സ്കൂളിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഒടുവില്‍ ജില്ല കളക്ടര്‍ ഉള്‍പ്പെടെ ഇടപെട്ട ശേഷം സ്കൂള്‍ തുറക്കുന്നതിന് തൊട്ടുമുന്പാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നിട്ടും ക്വാറിക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പഞ്ചായത്ത്. രണ്ടുവർഷം മുമ്പാണ് കായണ്ണ- കൂരാച്ചുണ്ട് പഞ്ചായത്തുകളുടെ അതിർത്തിയായ കാറ്റുളള മലയിൽ ക്വാറി പ്രവർത്തനം തുടങ്ങിയത്.

ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ 200ഓളം വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാര്‍ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചതകാല സമരം തുടങ്ങിയത്. സ്ഥലം സന്ദര്‍ശനം നടത്തിയ ജിയോളജി സംഘം ജില്ലാ കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.