കാപ്പാട്, തോണിക്കടവ്, അരിപ്പാറ; അണിഞ്ഞൊരുങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ


കൊയിലാണ്ടി: ജില്ലയിലെ മൂന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പാട്, തോണിക്കടവ്, അരിപ്പാറ എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമർപ്പിച്ചു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.

ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ കാർപ്പെറ്റ്. ശുദ്ധമായ കുടിവെള്ളം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, വൃത്തിയുള്ള ടോയ്ലറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗ്രീൻ കാർപ്പെറ്റ് പദ്ധതിയിൽ ഉണ്ട്. 99.75 ലക്ഷം രൂപയാണ് നിർമ്മാണങ്ങൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വിനോദ സഞ്ചാര വകുപ്പ്, കോഴിക്കോട് ഡിടിപിസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസി വാപ്കോസ് ആണ്.

പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് തോണിക്കടവ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കിയത്. ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്റ്റേരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം. തിയേറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍.രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ടം ലോകശ്രദ്ധ നേടിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശമാണ്. കോടഞ്ചേരി-തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്ത് ഇരുകരകളിലൂടെയായി സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്. വിനോദ സഞ്ചാര വകുപ്പ് 1.92 കോടി ചെലവഴിച്ചാണ് അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി പൂര്‍ത്തിയാക്കിയത്. 1.76 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിട്ട തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്ലെറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിന്‍ എന്നിവയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രാദേശിക ചടങ്ങുകളില്‍ എം.എല്‍.എമാരായ കെ.ദാസൻ, ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി ജില്ലാ കലക്ടര്‍ സാംബശിവറാവു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.