കാപ്പാട് തീരത്ത് പ്രവേശന ഫീസ് ഏര്‍പ്പെടുത്തരുതെന്ന് തീരസംരക്ഷണ വേദി


ചേമഞ്ചേരി: കാപ്പാട് നിവാസികള്‍ക്ക് കടല്‍തീരത്തെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രവേശന ഫീസ് പിന്‍വലിപ്പിക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാപ്പാട് തീരസംരക്ഷണ വേദി കെ. ദാസന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ അന്യായവും നിയമവിരുദ്ധവുമായാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്ന് നിവേദനത്തില്‍ കുറ്റപ്പെടുത്തി.

വര്‍ഷങ്ങളായി കാപ്പാട് തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാനും കേടുപാടുകള്‍ തീര്‍ക്കാനുമുളള സൗകര്യം നഷ്ടപ്പെടുത്തരുത്. മത്സ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. തീരദേശ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കും ഫീസ് ചുമത്താനുളള തീരുമാനം പ്രതിഷേധാര്‍ഹമാണ്.

ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഡല്‍ഹി കേന്ദ്രീകരിച്ചുളള ചില വൊളണ്ടറി ഏജന്‍സികള്‍ എട്ട് കോടിയോളം രൂപ കാപ്പാട് തീരത്തിന്റെ വികസനത്തിന് ചെലവഴിച്ചതായി പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് നിഷ്പഷമായ അന്വേഷണം നടത്തണം. താത്കാലികമായി മാത്രം നിലനില്‍ക്കുന്നതായ നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമാണ് ഇവിടെ നടത്തിയതെന്ന് തീരസംരക്ഷണ വേദി കുറ്റപ്പെടുത്തി. കാപ്പാട് തീരത്ത് ജനങ്ങള്‍ സൗജന്യമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തണം. പ്രവേശന ഫീസിന്റെ പേരിലുളള പകല്‍കൊളള അവസാനിപ്പിക്കുക, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വേദിയായി കാപ്പാടിനെ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്.