കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം; പ്രവേശന ഫീസ് അനുവദിക്കില്ലെന്ന് സിപിഐഎം


ചേമഞ്ചേരി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശന ഫീസ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കാപ്പാട് ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് കാപ്പാട് ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിൽ സമാപിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നവരിൽ നിന്നും ഈടാക്കുന്ന അന്യായമായ പ്രവേശന ഫീസ് അനുവദിക്കില്ലെന്നും ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചേമഞ്ചേരി പഞ്ചായത്തിനെ ഏൽപ്പിക്കണമെന്നും കെ.കെ.മുഹമ്മദ് പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഡസ്റ്റിനേഷൻ കമ്മറ്റിക്ക് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പരിപാലനം ഏൽപ്പിക്കാം. ബീച്ചിൽ വിവിധ റൈഡുകൾക്കും, എന്റർടെയ്ൻമെൻറുകൾക്കും ഫീസ് ഏർപ്പെടുത്താം. കുതിര സവാരി, വാട്ടർ സ്പോർട്സ്, കൈറ്റ് ഫെസ്റ്റ്, ബീച്ച് ഫെസ്റ്റ് തുടങ്ങിയ വിനോദ പരിപാടികളിലൂടെ ആവശ്യമായ പരിപാലന ചെലവ് കണ്ടെത്താവുന്നതാണ്.

ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനായി കേന്ദ്രം അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമ്മാണ പ്രവൃത്തി നടത്തിയ എ ടു ഇസഡ് ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സുതാര്യമായല്ല ഫണ്ടുവിനിയോഗം നടത്തിയത് എന്നും നിർമ്മാണം പൂർത്തിയായി മൂന്ന് വർഷത്തെ പരിപാലന ചുമതല അവർക്കുണ്ടെന്നും മാർച്ചിൽ അദ്ധ്യക്ഷത വഹിച്ച മുൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് പറഞ്ഞു.

സി.പി.ഐ.എം കാപ്പാട് ലോക്കൽ സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞു. കെ.രവീന്ദ്രൻ മാസ്റ്റർ, എം.സുരേഷ് എന്നിവർ സംസാരിച്ചു.