കാപ്പാട് ബീച്ച് തുറന്നു; ഇനി ആനന്ദത്തിന്റെ വൈകുന്നേരങ്ങള്‍


പൂക്കാട്: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ആളുകള്‍ ആസ്വാദനത്തിനായി സമയം കണ്ടെത്തിയ സുന്ദരമായ ഇടങ്ങള്‍ വീണ്ടും സജീവമാകുന്നു. എട്ട് മാസത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കാപ്പാട് ബീച്ച് വീണ്ടും ജനങ്ങള്‍ക്കായി തുറന്ന് നല്‍കി.

കോവിഡ് കേസുകള്‍ കുറഞ്ഞ സമയത്ത് കുറച്ച് ദിവസം ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പക്ഷേ വീണ്ടും കോവിഡ് പടര്‍ന്നപ്പോള്‍ അടച്ചു. മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമെല്ലാം വേണം കാപ്പാട് സന്ദര്‍ശനം നടത്തുന്നവര്‍ അവിടെ സമയം ചിലവഴിക്കാന്‍.

ബീച്ചിലുണ്ടായിരുന്ന ഉന്തുവണ്ടികളും ലഘുഭക്ഷണ ശാലകളും ഇത്രയും കാലം ആളുകള്‍ വരാത്തതിനാല്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ അവയെല്ലാം തുറന്ന് തുടങ്ങി. ബീച്ചിലേക്കുള്ള പ്രവേശന നിരോധനം നീക്കിയതോടെ ജനം കുടുംബസമേതം കടല്‍ക്കരയിലെത്തിത്തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകളും വോട്ടെടുപ്പുമെല്ലാം കഴിഞ്ഞാല്‍ തീരം കുറേക്കൂടി സജീവമാകുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര അംഗീകാരത്തിന്റെ നിറവിലുള്ള കാപ്പാട് തീരത്ത് പരിസ്ഥിതിക്ക് യോജിച്ച നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയിട്ടുണ്ട്. തീരത്തെ ആസ്വദിക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കി. കോവിഡ് വാക്‌സിന്‍ കൂടി പുറത്തിറങ്ങിയാല്‍ കൂടുതല്‍ വിദേശ സഞ്ചാരികള്‍ക്കായി കൂടി കാത്തിരിക്കുകയാണ് കാപ്പാട് ബീച്ചും ബീച്ചിലെ പലവിധ വരുമാനങ്ങളിലൂടെ ജീവിക്കുന്നവരും.