കാനത്തിൽ ജമീല ബഹുദൂരം മുന്നിൽ; യുഡിഎഫ്, ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം


കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം തുടങ്ങിയെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാവുന്നില്ല. കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല മണ്ഡലത്തിൽ ഒന്നാംവട്ട പര്യടനത്തിലാണ്. പ്രധാന വ്യക്തികൾ, സ്ഥാപനങ്ങൾ, പഴയകാല പ്രവർത്തകർ എന്നിവരെ കണ്ട് വോട്ടഭ്യർത്ഥിച്ച് മുന്നേറുകയാണ് ജമീല.

യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് അണികളിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ ഇവരും പ്രചരണ രംഗത്ത് സജീവമാകും. യു.ഡി.എഫ്. സ്ഥാനാർഥിയായി കഴിഞ്ഞതവണ കൊയിലാണ്ടിയിൽ മത്സരിച്ച എൻ.സുബ്രഹ്മണ്യൻതന്നെ വരുമെന്ന് സൂചനയുണ്ട്. സോഷ്യൽ മീഡിയയിൽ സുബ്രഹ്മണ്യനായുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

ബി.ജെ.പി.യിൽ കഴിഞ്ഞ തവണ മത്സരിച്ച രജനീഷ് ബാബുവിനൊപ്പം അഡ്വ.വി.സത്യന്റെ പേരും പരിഗണിക്കുന്നതായാണ് വിവരം. കൊയിലാണ്ടി മണ്ഡലത്തിൽ പയ്യോളി, കൊയിലാണ്ടി നഗരസഭയും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി ഗ്രാമപ്പഞ്ചായത്തുകളുമാണ് ഉൾപ്പെടുന്നത്.