കാനത്തിൽ ജമീല പ്രചാരണം തുടങ്ങി, വികസനത്തിന്റെ അടയാളമായ കോരപ്പുഴ കേളപ്പജി പാലത്തിൽ നിന്ന്


എ സജീവ്കുമാർ

കൊയിലാണ്ടി: കൊയിലാണ്ടി
മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ജമീല കാനത്തിലിൻ്റെ ആദ്യ ദിവസത്തെ പര്യടനം തുടങ്ങിയത് വികസനചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെട്ട കോരപ്പുഴയിലെ പുതിയ പാലമെന്ന കേളപ്പജി പാലത്തിനടുത്തു നിന്നാണ്.
സംസ്ഥാനത്തിൻ്റേയും കൊയിലാണ്ടി മണ്ഡലത്തിൻ്റേയും വികസന തുടർച്ചക്കായി എൽഡിഎഫ് തന്നെ വിജയിക്കണം, അതിനായി വോട്ട് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ചെയ്യണം. കണ്ടവരോടെല്ലാം ചുരുക്കം വാക്കുകളിൽ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചത് ഒറ്റക്കാര്യം മാത്രം.

കാട്ടില പീടികകളിലെ കടകൾ കയറിയതിനു ശേഷം പഴയ കാല പ്രവർത്തകനായ വി എം ശ്രീധരന് സമീപമെത്തി. പാലിയേറ്റീവ് രംഗത്തെ മുന്നണി പോരാളിയായ സ്ഥാനാർത്ഥി കാപ്പാട് മുനമ്പത്ത് സ്നേഹതീരത്തെ അന്തേവാസികളുടെ പ്രശ്നങ്ങൾ കേട്ട് കുറച്ചു സമയം. തുടർന്ന് അഴീക്കൽ, വീചികാ നഗർ. വെങ്ങളത്തും തിരുവങ്ങൂരും മുനമ്പത്തുമെല്ലാം തൊഴിലുറപ്പു തൊഴിലാളികൾ സ്ഥാനാർത്ഥിയെ കാണാൻ ഒന്നിച്ചെത്തിയിരുന്നു.

പുരസ്കാര ജേതാവായ സുനിൽ തിരുവങ്ങൂരിനെ കാണാൻ അല്പസമയം. ഉച്ചയക്കു ശേഷം ചരിത്രകാരനായ ഡോ.എം.ആർ രാഘവവാര്യരെ വീട്ടിലെത്തി കണ്ടു. ധീര രക്തസാക്ഷി ജവാൻ സുബിനേഷിൻ്റെ ചേലിയയിലെ വീട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കാഞ്ഞിലശ്ശേരിയിലും തൂവപ്പാറയിലും ഉൽസവ നഗരിയിൽ എത്തിയതിനു ശേഷമാണ് വ്യാഴാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, എൽ ഡി എഫ് നേതാക്കളായ കെ ടി എം കോയ, വിവി മോഹനൻ, ടി വി ഗിരിജ, കെ രവീന്ദ്രൻ, ബേബി സുന്ദർരാജ്, എം നൗഫൽ, പി സി സതീഷ് ചന്ദ്രൻ, കെ പി ചന്ദ്രിക തുടങ്ങിയവരെല്ലാം സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.