കാനത്തിൽ ജമീലയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു; തീരുമാനം ചൊവ്വാഴ്ച


കൊയിലാണ്ടി: ചരിത്രത്തിൽ രേഖപ്പെടുത്തി തിളക്കമാർന്ന വിജയത്തോടെ കേരളത്തിൽ ഭരണ തുടർച്ച നേടിയിരിക്കയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. രാഷ്ട്രീയകേന്ദ്രങ്ങളിൽ മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
മന്ത്രി സഭയിലെ അംഗങ്ങളെ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ടതുണ്ട്. സംഘടനാ രംഗത്തെ നേതൃശേഷിയും പ്രവർത്തന മികവും പരിഗണിച്ച് പുതുമുഖങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ മന്ത്രിസഭ രൂപീകരിച്ചത്.

കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്നത് പോലെ ഇത്തവണയും മന്ത്രിസഭയിൽ രണ്ട് വനിതകളുണ്ടാവാനാണ് സാധ്യത. കഴിഞ്ഞ മന്ത്രി സഭയിലെ രണ്ട് വനിതാ മന്ത്രിമാരും മത്സരിച്ചെങ്കിലും കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടു.
ഇത്തവണ പിണറായി മന്ത്രി സഭയിൽ സി.പി.എം ന് രണ്ട് വനിതാ മന്ത്രിമാരുണ്ടാവുകയാണെങ്കിൽ കെ.കെ.ശൈലജയ്ക്കൊപ്പം പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പ്രധാന പേര് കാനത്തിൽ ജമീലയുടേതുമായിരിക്കും.

നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ കാനത്തിൽ ജമീല സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയംഗമം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമാണ്. നേരത്തെ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് രംഗത്ത് കാനത്തിൽ ജമീല നടത്തിയ ഭരണമികവ് ശ്രദ്ധിക്കപ്പെട്ടതാണ്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വനിത എന്ന പരിഗണനയും ജമീലയ്ക്ക് അനുകൂലമാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊയിലാണ്ടിയിൽ നിന്നുള്ള ആദ്യ ഇടതുപക്ഷ മന്ത്രിയായി ജമീല ചരിത്രം കുറിക്കും.

ജമീലയ്ക്കൊപ്പം പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരാൾ ആറൻമുളയിൽ നിന്നും വിജയിച്ച വീണാ ജോർജാണ്. രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടതും, മികച്ച ജനപ്രതിനിധിയായി കഴിതെളിയിച്ചതും വീണയ്ക്ക് അനുകൂലമാണ്. അറിയപ്പെടുന്ന മാധ്യമ പ്രവർത്തക കൂടിയാണ് വീണാ ജോർജ്. കായംകുളത്തു നിന്ന് വിജയിച്ച യു.പ്രതിഭയും രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.