കാനത്തിൽ ജമീലയുടെ വിജയത്തിനായി കൊയിലാണ്ടിയിൽ മഹിളകളുടെ വിളംബര ജാഥ


കൊയിലാണ്ടി: എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പ്രചരണാർത്ഥം മഹിളകളുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരത്തിൽ നടന്ന വിളംബര ജാഥയിൽ നൂറുകണക്കിന് വനിതകളാണ് അണിനിരന്നത്.

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കേരളീയ വസ്ത്രം ധരിച്ച് സ്ഥാനാർത്ഥിയുടെ കട്ടൗട്ടറുകളും, പ്ലെക്കാർഡുകളുമേന്തിയുള്ള ജാഥ നഗരവീഥികളെ ആവേശത്തിലാഴ്ത്തി. കാനത്തിൽ ജമീല ജാഥയുടെ മുന്നിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.

ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. ടി.വി.ഗിരിജ, കെ.പി.ചന്ദ്രിക, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.