കാത്തിരിപ്പ് വെറുതെയാകുമോ; വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഒരുമാസം, നിയമനം കിട്ടാതെ ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം: വനിതാ സിപിഒ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ നിയമനങ്ങള്‍ക്കുള്ള നടപടി ആരംഭിക്കാതെ ആഭ്യന്തര വകുപ്പ്. ഇതോടെ നിയമനം കാത്തിരിക്കുന്ന 1400ലധികം യുവതികള്‍ കാത്തിരിപ്പ് വെറുതെയാകുമെന്ന ആശങ്കയിലാണ്.
വനിത പൊലീസ് ജോലി ലഭിക്കാന്‍ 2018 ലാണ് ഇവര്‍ പരീക്ഷ എഴുതിയത്. 2019ല്‍ ഫിസിക്കല്‍ ടെസ്റ്റും കഴിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ടായിരത്തോളം യുവതികളാണ് വനിത പൊലീസെന്ന ജോലി സ്വപ്നം കണ്ടത്. പക്ഷെ ഇതുവരെ ജോലി കിട്ടിയത് 600 ഓളം പേര്‍ക്ക് മാത്രം. ലീസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. ബാക്കിയിള്ള 1400 ഓളം പേര്‍ക്ക് നിര്‍ണായകമാണ് ഇനിയുള്ള ഒരു മാസം.
ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനൊപ്പം പൊലീസിലെ വനിതാ പ്രാതിനിധ്യം 25 ശതമാനമായി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ 2016 ലെ വാഗ്ദാനത്തിലുമാണ് ഇവരുടെ പ്രതീക്ഷ. 12 ശതമാനമാക്കിയാല്‍ പോലും തങ്ങള്‍ക്കെല്ലാവര്‍ക്കും ജോലി കിട്ടുമെന്നാണിവര്‍ പറയുന്നത്. ഇനിയൊരു ടെസ്റ്റ് എഴുതാനുള്ള പ്രായം പലര്‍ക്കും കഴിഞ്ഞു.
ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. ഒരു മാസത്തിനുള്ളില്‍ നിയമനം നടത്താനാവില്ലങ്കില്‍ ലിസ്റ്റിന്റെ കാലാവധിയെങ്കിലും നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.