കാത്തിരിപ്പുകള്‍ക്ക് വിരാമം; ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം യാഥാര്‍ത്ഥ്യവുന്നു


പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ നിര്‍മിക്കുന്ന തോട്ടത്താംകണ്ടി പാലത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പാലത്തിന്റെ പ്രവൃത്തി ഉദ്‌ലാടനം നിര്‍വ്വഹിച്ചു. ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് പാലം നിര്‍മ്മിക്കുകയെന്നത്.

10 കോടി രൂപ ചെലവു വരുന്ന പാലത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്. ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടാണ് പാലത്തിന്റെ അംഗീകാരം നേടിയെടുത്തത്. ഓപ്പണ്‍, പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 26 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളും പാലേരി ഭാഗത്ത് 12.5 മീറ്ററും മരുതോങ്കര ഭാഗത്ത് 25.525 മീറ്ററും നീളത്തില്‍ ലാന്‍ഡ് സ്പാനുകളുമടക്കം 116.025 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും നടപ്പാതകളുമുണ്ടാകും. ഇരു വശങ്ങളിലും കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി ബി എം ആന്‍ഡ് ബിസി ഉപരിതലമുള്ള അനുബന്ധ റോഡും നിര്‍മിക്കും.

ചടങ്ങിൽ ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷനായി. ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയായി. എക്സിക്യുട്ടീവ് എൻജിനിയർ ബെന്നി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ സജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി എം ബാബു, സി എം യശോദ, കെ ഒ ദിനേശൻ, പഞ്ചായത്തംഗങ്ങളായ എൻ പി ജാനു, വനജ പട്ട്യാട്ട്, മുൻ എംഎൽഎ എ കെ പത്മനാഭൻ, കെ ബാലനാരായണൻ, ഒടി രാജൻ, പി ടി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സൂപ്രണ്ടിങ് എൻജിനിയർ പി കെ മിനി സ്വാഗതവും അസിസ്റ്റന്റ്‌ എക്സിസിക്യുട്ടീവ് എൻജിനിയർ എൻ വി ഷിനി നന്ദിയും പറഞ്ഞു. വാദ്വഘോഷങ്ങളോടെയുള്ള ഘോഷയാത്ര ചടങ്ങിന് പൊലിമയേകി.

പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ മേഖലകളായ മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളുടെ വികസനത്തിന്‍ വന്‍ തോതിലുള്ള മുന്നേറ്റത്തിനാണ് അവസരമൊരുങ്ങുന്നത്.