കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു; ചക്കിട്ടപാറയിലെ തിമിരിപ്പാലം നിര്‍മാണത്തിന് 8.44 കോടി രൂപയുടെ ഭരണാനുമതി


പേരാമ്പ്ര: ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് പരിഹാരമായി ചക്കിട്ടപാറയിലെ തിമിരിപ്പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചു. പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ തിമിരിപ്പാലം നിര്‍മാണത്തിനാണ് 8.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പന്നിക്കോട്ടൂര്‍ നഴ്‌സറി സ്‌കൂള്‍ ഗ്രൗണ്ട് മേഖലയില്‍ നിന്നും കുറ്റ്യാടി പുഴയ്ക്ക് കുറുകെ മീന്‍തുള്ളിപ്പാറയിലേയ്ക്കാണ് വര്‍ഷങ്ങളായുള്ള ജനകീയാവശ്യമായ പാലം യാഥാര്‍ഥ്യമാകുന്നത്. നിലവിലുണ്ടായിരുന്ന പാലത്തില്‍ കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് സഞ്ചരിച്ചിരുന്നത്.

പത്ത് മാസം മുന്‍പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലത്തിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയിരുന്നു. നിലവിലുള്ള വീതി കുറഞ്ഞ തിമിരിപാലത്തിനു താഴ്ഭാഗത്താണു പുതിയ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കും.

പുതിയ പാലം നിര്‍മിക്കുന്നതോടെ ചെമ്പനോട, പൂഴിത്തോട്, മരുതോങ്കര മേഖലയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് പെരുവണ്ണാമൂഴി വനമേഖലയിലെ വന്യമൃഗ ഭീഷണിയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. ഈ റോഡ് ഗതാഗതയോഗ്യമാകുന്നതോടെ ചെമ്പനോടയില്‍ നിന്നും കൂവപ്പൊയില്‍ മേഖലയിലേക്കുള്ള ബൈപാസ് പാത കൂടിയാകും. ഈ റോഡില്‍ മൂത്തേട്ടുപുഴക്ക് കുറുകെ 2019ല്‍ മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ വികസന ഫണ്ട് ഉപയോഗിച്ച് 1.20 കോടി ചെലവഴിച്ച് പാലം നിര്‍മിച്ചിരുന്നു. മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് പുതിയ പാത ഇടയാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.