കാത്തിരിപ്പുകള്‍ക്ക് വിരാമം, കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഇന്ന് മിഴിതുറക്കും; ഉദ്ഘാടനം വൈകീട്ട് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും


കോഴിക്കോട്: മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് വ്യാഴാഴ്ച മിഴി തുറക്കും. ‘മാക് ട്വിന്‍ ടവര്‍’ എന്ന് പേരിട്ട വാണിജ്യകേന്ദ്രത്തിന്റെ താക്കോല്‍ ഇന്ന് വൈകിട്ട് ഗതാഗത മന്ത്രി ആന്റണി രാജു കൈമാറുന്നതോടെ ആറ് വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകും. നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം.

കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ‘മാക് ട്വിന്‍ ടവര്‍’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ഒന്നാം നിലയില്‍ ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയുള്ള മാക് മാള്‍ ഒരുക്കുമെന്ന് ആലിഫ് ബില്‍ഡേഴ്സ് എംഡി അബ്ദുള്‍ കലാം പറഞ്ഞു. വസ്ത്രശാല, മൊബൈല്‍ ഷോപ്പുകള്‍, ഭക്ഷണശാല എന്നിവയുണ്ടാകും. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. രണ്ട് മാസത്തിനുള്ളില്‍ മാളിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

2009ലാണ് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പൊളിച്ച് ടെര്‍മിനല്‍ നിര്‍മാണം ആരംഭിക്കുന്നത്. 75 കോടി രൂപ ചെലവിലായിരുന്നു നിര്‍മാണം. 2015ല്‍ പൂര്‍ത്തിയായി. ആദ്യ കരാര്‍ ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നാണ് വീണ്ടും ടെന്‍ഡര്‍ നടപടി ആരംഭിക്കുന്നതും ആലിഫ് ബില്‍ഡേഴ്സുമായി ധാരണയില്‍ എത്തുന്നതും. 30 വര്‍ഷത്തേക്കാണ് കരാര്‍. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 2 ലക്ഷം രൂപ വാടകയും നല്‍കും.

ഇന്ന് വൈകൂന്നേരം നടക്കുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി ആന്റണി രാജു ബിസിനസ് സെന്റര്‍ തുറന്നുനല്‍കും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കെഎസ്ആര്‍ടിസിക്ക് വേണ്ടി എംഡി ബിജു പ്രഭാകറും കെടിഡിഎഫ്സിക്കുവേണ്ടി ഡോ. ബി അശോകും, ആലിഫ് ബില്‍ഡേഴ്സ് എംഡി അബ്ദുള്‍കലാമിനും പാര്‍ട്ണര്‍ മൊയ്തീന്‍ കോയക്കും ധാരണാപത്രം കൈമാറും. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനിലാണ് ചടങ്ങ്.