കാത്തിരിപ്പിന് വിരാമം, കീഴരിയൂർ തുറയൂർ നിവാസികൾക്കിനി സുഖയാത്ര; നടയ്ക്കൽ പാലം നിർമ്മാണം അവസാനഘട്ടത്തിൽ


കീഴരിയൂർ: കീഴരിയൂർ, തുറയൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ കോരപ്ര-പൊടിയാടി റോഡിലെ നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. വരുന്ന ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.

ഇതിനോടനുബന്ധിച്ചുള്ള മുറി നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രം കടന്നു പോകാൻ കഴിയുമായിരുന്ന നടയ്ക്കൽ പാലവും മുറിനടയ്ക്കൽ പാലവും വീതിയുള്ള വലിയ പാലങ്ങളായാണ് പുനർനിർമിക്കുന്നത്. സംസ്ഥാന ബജറ്റിൽനിന്ന്‌ അനുവദിച്ച എട്ടുകോടി രൂപ ചെലവിട്ടാണ് ഇരുപാലങ്ങളും നിർമിക്കുന്നത്.

കീഴരിയൂരിൽനിന്ന് തുറയൂരിലേക്കോ, തിരിച്ചോ യാത്ര ചെയ്യണമെങ്കിൽ നിലവിൽ മേപ്പയ്യൂർ പഞ്ചായത്തിലെ ഇരിങ്ങത്തുവഴി ചുറ്റിവളഞ്ഞ്‌ പോകണം. നടയ്ക്കൽ, മുറിനടയ്ക്കൽ പാലങ്ങൾ ഗതാഗത യോഗ്യമാകുന്നതോടെ ഈ ദൂരം ആറ് കിലോമീറ്ററായി ചുരുങ്ങും.

പ്രകൃതിസുന്ദരമായ അകലാപ്പുഴയുടെ തീരത്തുകൂടിയാണ് രണ്ടുകിലോമീറ്ററോളം റോഡ് കടന്നുപോകുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ അകലാപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രാദേശിക വിനോദസഞ്ചാരത്തിനുള്ള സാധ്യതകളും വർധിക്കും.

പേരാമ്പ്രയിലേക്കും കൊയിലാണ്ടി ഭാഗത്തേക്കുമുള്ള എളുപ്പ പാതയുമാണിത്. വടകര അട്ടക്കുണ്ട് പാലംകടന്ന് മണിയൂർ ഭാഗത്തേക്ക് പോകാനും കഴിയുന്ന എളുപ്പമാർഗമായിരിക്കുമിത്.

തുറയൂർ, കീഴരിയൂർ പഞ്ചായത്തുകളുടെ വികസനക്കുതിപ്പിനും റോഡ് സഹായിക്കും. ദേശീയപാത കൊല്ലം ജങ്‌ഷനിൽനിന്ന് നെല്യാടിക്കടവ് പാലം കടന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കീഴരിയൂർ സെന്ററിലെത്താം. അവി​െട നിന്നാണ് പൊടിയാടി തുറയൂർ റോഡ് തുടങ്ങുന്നത്.