കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷയോടെ പ്രവാസികള്‍ ഇന്ന് യു.എ.ഇ.യിലേക്ക് മടങ്ങുന്നു


കോഴിക്കോട്: മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രവാസികള്‍ യു.എ.ഇ.യിലേക്ക് മടങ്ങുന്നു. യു.എ.ഇ.യില്‍ നിന്ന് തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മടങ്ങിയെത്താന്‍ അനുമതി നല്‍കിയത്.

വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യില്‍ നിന്ന് ലഭിച്ച വന്‍സിസിനേഷന്‍ കാര്‍ഡും കൈവശം ഉണ്ടായിരിക്കണം. യു.എ.ഇ. സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളുടെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാവുന്ന വാക്‌സിനേഷന്‍രേഖകളും അംഗീകരിക്കുന്നതാണ്.

ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്ത ഘട്ടത്തില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇ. അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് വ്യാഴഴ്ച മുതല്‍ മടങ്ങി എത്താമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാനക്കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ യു.എ.ഇ.യില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി അനുമതി പരിമിതപ്പെടുത്തുകയായിരുന്നു.