‘കാണാന്‍ നല്ല സൗന്ദര്യമുണ്ട്, പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്’; ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കെ. മുരളീധരന്‍ (വീഡിയോ കാണാം)


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി വടകര എം.പി കെ. മുരളീധരന്‍. ‘കാണാന്‍ നല്ല സൗന്ദര്യമുണ്ട്, പക്ഷേ വായില്‍ നിന്ന് പുറത്ത് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്’ എന്ന് മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തില്‍ കോണ്‍ഗ്രസ് സമര വേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ. മുരളീധരന്‍ മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ ‘കനകസിംഹാസനത്തില്‍’ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു.

കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മുഖ്യമന്ത്രി സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് അദ്ദേഹം നോക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.