കാണാം.. രുചിക്കാം.. ബേപ്പൂരിന്റെ കാറ്റേറ്റ് ജലമാമാങ്കം ആസ്വദിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (26/12/2021)
ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
ബേപ്പൂർ വാട്ടർ ഫെസ്റ്റിനോട് അനുബന്ധിച്ച് പാരിസൺസ് ഗ്രൗണ്ടിൽ ആരംഭിച്ച ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പ്രദർശന വസ്തുക്കളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. കോഴിക്കോടിന്റെ തനത് രുചികൾ സംഗമിക്കുന്നിടമാണ് ബേപ്പൂർ ഫെസ്റ്റിലെ ഫുഡ് ഫെസ്റ്റ്. കേരള, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്കൊപ്പം കോഴിക്കോടൻ രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു.
വിവിധതരം ബിരിയാണികൾ, ജ്യൂസുകൾ, വിവിധ നിരത്തിലും രുചിയിലുമുള്ള ഐസ്ക്രീമുകൾ, എണ്ണക്കടികൾ, മത്സ്യ-മാംസ വിഭവങ്ങൾ എന്നിവ രുചിയുടെ മേളപ്പെരുപ്പം തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വനിതാശിശുവികസന വകുപ്പ്, ഉദയം ഹോംസ്, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
മുൻ എം. എൽ. എ വി. കെ. സി മമ്മദ് കോയ, സബ്കലക്ടർ ചെൽസസിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നൂറുദിന പദ്ധതികളുടെ ഭാഗമായി ഉദ്‌ഘാടനം നിർവഹിച്ച സ്കൂളുകളും ലാബുകളും, പട്ടയ മേളകളിലൂടെ ഭൂമിക്ക് അവകാശം ലഭിച്ചവർ, സ്മാർട്ട് വില്ലജ് ഓഫീസുകൾ, ജനകീയ ഹോട്ടൽ, പുനർഗേഹം, ലൈഫ് ഭവന പദ്ധതികളിൽ വീട് ലഭിച്ചവരുടെ സന്തോഷം, നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ടേക്ക് എ ബ്രേക്ക് പദ്ധതി, വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. വലിയ ജനപങ്കാളിത്തമാണ് പ്രദർശനത്തിന് ലഭിക്കുന്നത്.
സബ്കലക്ടർ ചെൽസസിനി, മുൻ എം. എൽ. എ വി. കെ.സി മമ്മദ് കോയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ. കെ, തുടങ്ങിയവർ പങ്കെടുത്തു.
ജലസാഹസിക മേളയുടെ നാലു പകലിരവുകൾക്ക് മിഴി തുറന്നു
ആവേശമായി സൈക്കിൾ റൈഡ്
ഉരുപ്പെരുമയുടെ നാട്ടിൽ ജല സാഹസിക മേള. ബേപ്പൂർ വാട്ടർഫെസ്റ്റിനു തുടക്കം കുറിച്ച് നഗരത്തെ ആവേശത്തിലാഴ്ത്തി സൈക്കിൾ റൈഡ്. കോഴിക്കോട് ബീച്ചിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്ത റൈഡ് നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ ചുറ്റി ബേപ്പൂർ മറീനയിൽ സമാപിച്ചു.
മന്ത്രിയിൽ നിന്ന് സൈക്ലിംഗ് കമ്മിറ്റി ലീഡർ സാഹിർ ബാബു സ്വീകരിച്ച ഫെസ്റ്റിന്റെ പതാക ബേപ്പൂരിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്‌ഡി ഉയർത്തിയത്തോടെ ജലോത്സവത്തിന്റെ നാലു പകലിരവുകൾക്ക് തുടക്കമായി
കോഴിക്കോടിനിത് ആഘോഷ നാളുകളാണ്. ബേപ്പൂർ ഫെസ്റ്റ് ചരിത്രത്തിൽ ഇടംനേടുമെന്ന കാര്യത്തിൽ സംശയമില്ലായെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സൈക്ലിങ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പെഡലെഴ്സ്, ടീം മലബാർ റൈഡേഴ്സ്, മലബാർ സൈക്കിൾ റൈഡഴ്സ് എന്നീ മൂന്നു സൈക്ലിങ് ക്ലബ്ബുകളിലെ നൂറോളം പേരാണ് റൈഡിൽ പങ്കെടുത്തത്. കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫീസിനു മുൻപിൽ നിന്നാരംഭിച്ച യാത്ര മാനാഞ്ചിറ, കല്ലായി, മാത്തോട്ടം, നടുവട്ടം ചുറ്റി ബേപ്പൂരിൽ സമാപിക്കുകയായിരുന്നു.
ചടങ്ങിൽ സബ് കലക്ടർ വി ചെൽസസിനി, വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ സിഎൻ അനിതകുമാരി,കോർപറേഷൻ വാർഡ് കൗൺസിലർ കെ റംലത്ത്, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ക്യാപ്റ്റൻ കെ.കെ ഹരിദാസ്, സേഫ്റ്റി ആൻഡ് റെസ്ക്യൂ കമ്മിറ്റി ചെയർമാൻ ടി.കെ അബ്ദുൽ ഗഫൂർ, കോസ്റ്റ് ഗാർഡ് കമാണ്ടന്റ് ഫ്രാൻസിസ് പോൾ,ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ എം.ഗിരീഷ്, കൺവീനർ ജയദീപ് എന്നിവർ പങ്കെടുത്തു. സൈക്കിൾ റൈഡിൽ പങ്കെടുത്തവർക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
രാജ്യാഭിമാനം വാനോളമുയർത്തി ബേപ്പൂരിന്റെ മണൽപരപ്പിൽ നാവികസേനയുടെ സംഗീത വിരുന്ന്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മ്യുസിക്ക് ബാന്റിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്നുള്ള 20 പേരടങ്ങിയ നാവിക സേന സംഘമാണ് സംഗീതത്തിന്റെ ഹരം പകർന്നത്.
ഔദ്യോഗിക യൂണിഫോമിലെത്തിയ സേനാംഗങ്ങൾ സംഗീതോപകരങ്ങളും വിവിധ ഗാനങ്ങളും അവതരിപ്പിച്ചതോടെ കാഴ്ചക്കാരിൽ ആവേശം നിറഞ്ഞു. രാജ്യാഭിമാനം സ്ഫുരിക്കുന്ന ദേശഭക്തി ഗാനങ്ങളും പ്രമുഖ മലയാളം, ഹിന്ദി സിനിമാ ഗാനങ്ങളും ബാന്റ് മേളവുമാണ് വേദിയിൽ ഒരുക്കിയിരുന്നത്.
ജില്ലയിൽ 256 പേർക്ക് കോവിഡ്
രോഗമുക്തി 523, ടി.പി.ആര്‍: 5.65 ശതമാനം
ജില്ലയില്‍ ഇന്ന് 256 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്‍ക്കം വഴി 250 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 2 പേർക്കുമാണ് രോഗം ബാധിച്ചത്. 4602 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 523 പേര്‍ കൂടി രോഗമുക്തി നേടി. 5.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2996 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 300 പേർ ഉൾപ്പടെ 14756 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1198023 പേർ നിരീക്ഷണം പൂർത്തിയാക്കി. 4271 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 2996
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 68
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 20
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0
സ്വകാര്യ ആശുപത്രികള്‍ – 138
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 2514