കാട്ടുപന്നി വാഹനം കുത്തിമറിച്ചിട്ടു, കല്ലാനോട് സ്വദേശിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്
കൂരാച്ചുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. കല്ലാനോട് എടാട്ടാംകുഴി ലിയ ചാക്കോയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ ലിയയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് നഴ്‌സായി ജോലി ചെയ്യുകയാണ് ലിയ. രാവിലെ ജോലി സ്ഥലത്തേക്ക് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടുപന്നി വാഹനം കുത്തിമറിച്ചിടുകയായിരുന്നു. ആനപ്പാറക്കണ്ടി ഭാഗത്തു വച്ചാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ യുവതിയെ മറ്റു വാഹനങ്ങളില്‍ വന്നവരാണ് രക്ഷിച്ചത്. കൈക്കും തലയ്ക്കും പരുക്കേറ്റ ലിയ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ചെമ്പ്രയില്‍ കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ അച്ഛനും മകനും പരിക്കേറ്റിരുന്നു. താന്നിയോട് ഒറവുണ്ടന്‍ ചാലില്‍ ഗോപി (63) മകന്‍ സജിത്ത് ( 27)എന്നിവരെയാണ് പത്തോളം വരുന്ന കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ചെമ്പ്ര മുക്കള്ളില്‍ എസ് ബി ക്യൂബ്സ് സിമന്റ് കട്ടക്കമ്പനിയുടെ മുന്‍ വശത്തായിരുന്നു സംഭവം.
പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകൽ സമയത്ത് പോലും റോഡിലൂടെ കാട്ടുപന്നികൾ വിലസുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്.