കാട്ടുപന്നിയെ മല്‍പിടുത്തത്തിലൂടെ നേരിട്ട് ഇരട്ട കുഞ്ഞുങ്ങളുടെ രക്ഷകനായി; മേപ്പയ്യൂരിലെ റോബിന്റെ ധീരതയെ അനുമോദിച്ച് സി.പി.ഐ ലോക്കല്‍ കമ്മറ്റി
മേപ്പയ്യൂര്‍: കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സന്ദര്‍ഭോചിതമായി ഇടപെട്ട പതിനൊന്നു വയസ്സുകാരനെ അനുമോദിച്ച് സി.പി.ഐ. കൂനംവെള്ളിക്കാവ് സ്വദേശി റോബിനെയാണ് സി.പി.ഐ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. മേപ്പയ്യൂര്‍ എം.കെ സ്മാരകത്തില്‍ ചേര്‍ന്ന അനുമോദന യോഗം സി.പി ഐ മണ്ഡലം സെക്രട്ടറി സി.ബിജു ഉത്ഘാടനം ചെയ്തു.
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അജയ് ആവള റോബിനെ പൊന്നാട അണിയിച്ചു. കെ.വി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം പി.പ്രശാന്ത്, എം.കെ രാമചന്ദ്രന്‍ മാസ്റ്റര്‍, സതി ദേവരാജന്‍, സുരേഷ് കീഴന, വല്‍സന്‍ അയോദ്ധ്യ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതവും കെ.സി കഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.
വീട്ടില്‍ വിരുന്നു വന്ന അമ്മാമനായ രജീഷിന്റെയും അതുല്യയുടെയും മക്കളായ ഒന്നരവയുള്ള ആഷ്മിയേയും ആഷ്മികയേയുമാണ് റോബിന്‍ കാട്ടുപന്നിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 11.30 യോടെയാണ് സംഭവം. അതിവേഗത്തില്‍ ഓടി വന്ന കാട്ടുപന്നി നേരെ വീട്ടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയത്ത് കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
പന്നിയെ കണ്ട റോബിന്‍ ധൈര്യത്തോടെ വീട്ടിനകത്തേക്ക് കയറുകയും പന്നിയെ കുട്ടികളുടെ അടുത്തു നിന്നും മല്‍പിടുത്തത്തിലൂടെ ഓടിക്കുകയുമായിരുന്നു. വീടിന്റെ ഉള്‍വശം ടൈലിട്ടിരുന്നതിനാല്‍ വഴുതി വീണ കാട്ടുപന്നി റോബിന്റെ മുട്ടിന് ഇടിച്ച് പുറത്തേക്കോടുകയായിരുന്നു. പരിക്ക് പറ്റിയ റോബിന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.