കാട്ടുപന്നിയെ കൊല്ലുമോ? ഹൈക്കോടതിയില്‍ നിന്നും അനുമതി നേടിയെടുത്ത മുതുകാട് കോണ്‍വെന്റിലെ കന്യാസ്ത്രീ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


‘ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി കൃഷി ചെയ്യുന്നതല്ലാതെ ഞങ്ങള്‍ക്കൊന്നും കിട്ടാറില്ല. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയതൊക്കെ പാകമാകാറാവുമ്പോഴേക്കും കാട്ടുപന്നികള്‍ കൊണ്ടുപോകും. സഹികെട്ടാണ് കോടതിയിലേക്ക് പോയത്’ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി ലഭിച്ച മുതുകാട് സി.എം.സി കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ജോഫിയുടെ വാക്കുകളാണിത്. കോണ്‍വെന്റിന്റെ പരിസരത്തുള്ള നാലേക്കര്‍ സ്ഥലത്ത് കാട്ടുപന്നികളുടെ ശല്യം കാരണം ഒന്നും ഉണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി തേടി ഇവര്‍ കോടതിയെ സമീപിച്ചത്.

‘ ഞാന്‍ നട്ട പത്ത് നൂറ് ചുവട് കപ്പയുണ്ടായിരുന്നു. അത് മാത്രമല്ല ചേമ്പ്, ചേന, ജാതി അതെല്ലാം പന്നി നശിപ്പിച്ചു. ഓരോ പ്രാവശ്യവും പന്നി കൃഷി നശിപ്പിക്കുമ്പോള്‍ അടുത്ത തവണ അതിനെതിരെ എന്തെങ്കിലും ചെയ്യും. മുള്ളുകമ്പി നന്നാക്കി, അതിന് പുറത്ത് വലയിട്ടു അങ്ങനെയൊക്കെ ചെയ്തു. ഇതെല്ലാം ചെയ്തിട്ടും കപ്പ മുഴുവന്‍ നശിപ്പിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ വളരെയധികം വിഷമം തോന്നി. വലയിടാനും മുള്ളുകമ്പി ശരിയാക്കാനുമായി ഏതാണ്ട് ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചു. എന്നിട്ടും ഒരു ഫലവുമില്ലല്ലോയെന്ന മാനസിക വിഷമത്തിലിരിക്കുമ്പോഴാണ് കൂരാച്ചുണ്ടിലെ കുറച്ചു കര്‍ഷകര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ലഭിച്ച വാര്‍ത്ത കേള്‍ക്കുന്നത്. അപ്പോഴാണ് ആ ഒരു ചിന്ത വന്നത്. എന്തുകൊണ്ട് നമുക്ക് പെര്‍മിഷന്‍ എടുത്തുകൂടാ? ഞങ്ങളുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റിനോട് കാര്യം പറഞ്ഞു. അതിനുവേണ്ടത് ചെയ്‌തോളാന്‍ അവര്‍ നിര്‍ദേശിച്ചതു പ്രകാരം വിഫാം കര്‍ഷക സംഘടനയോട് ചേര്‍ന്ന് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി ഈയൊരു കാര്യത്തിലേക്ക് പുറപ്പെട്ടതാണ്’ കോടതിയില്‍ പോകാനുണ്ടായ സാഹചര്യം സിസ്റ്റര്‍ ജോഫി വിശദീകരിച്ചു.

‘കപ്പയും കാച്ചിലുമൊക്കെ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ജാതിമരത്തിന്റെ കാര്യം ഓര്‍ക്കുമ്പോഴാണ് ഏറെ സങ്കടം. നാലഞ്ചുവര്‍ഷത്തെ വളര്‍ച്ചയുണ്ടായിരുന്നു. ഏതാണ്ടൊരു വലിപ്പത്തിലായതാണ്. അതിനെ വളര്‍ന്നുവരാന്‍ അനുവദിക്കുന്നില്ല. ഒടിച്ചൊടിച്ച് ഇടുകയാണ്. ചെമ്പനോട ഭാഗത്തൊക്കെ കാട്ടുപന്നി മനുഷ്യരെ ആക്രമിച്ച സംഭവങ്ങളൊക്കെയുണ്ട്. രണ്ടാഴ്ച മുമ്പ് ഇവിടെയടുത്ത് പന്നി ചാടിയിട്ട് ബൈക്ക് മറിഞ്ഞിരുന്നു. ഇവിടെ ഞങ്ങള്‍ക്കൊരു പട്ടിയുണ്ടായിരുന്നു. ഒരുവര്‍ഷം മുമ്പ് കാട്ടുപന്നി അതിനെയും ആക്രമിച്ചു. കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു പട്ടി.’ കാട്ടുപന്നിയുണ്ടാക്കിയ പൊല്ലാപ്പുകളെക്കുറിച്ച് സിസ്റ്റര്‍ പറയുന്നു.

‘ഞങ്ങള്‍ ഞങ്ങളുടെ ആവശ്യത്തിനുള്ള സാധനങ്ങളൊന്നും പുറത്തുനിന്ന് വാങ്ങാറില്ലായിരുന്നു. ഞങ്ങളുടെ കൃഷിയിടത്തില്‍ അധ്വാനിച്ചാണ് കൂടുതല്‍ സാധനങ്ങളും ഉണ്ടാക്കി ഉപയോഗിച്ചുകൊണ്ടിരുന്നത്. ചേനയും ചേമ്പുമെല്ലാം ഇപ്പോള്‍ കാശുകൊടുത്ത് വാങ്ങേണ്ടുന്ന ഗതികേടിലെത്തി.’

പന്നിയെക്കൊല്ലാനുള്ള ദേഷ്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഏതുവിധേനയും കൊല്ലാമെന്നാണ് കോടതിയുടെ ഉത്തരവ്. എനിക്ക് ആരുടെ വേണമെങ്കിലും സഹായം തേടാം. ലൈസന്‍സുള്ള തോക്കുള്ളവരോട് സഹായം ചോദിക്കും. എന്നോടൊപ്പം അനുമതി കിട്ടിയവരില്‍ ചിലര്‍ കോണ്‍വെന്റിനു അടുത്തുള്ളവരാണ്. അവരോട് സഹായം ചോദിക്കാം. ഏതുവിധേയനയും പന്നിയെ കൊല്ലുക, കൃഷി നശിപ്പിക്കുന്നത് തടയുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’ എന്നായിരുന്നു സിസ്റ്റര്‍ ജോഫിയുടെ മറുപടി.

കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടാണ് മുതുകാട് മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായതെന്നും അവര്‍ പറയുന്നു. കാട്ടുപന്നിയെ കൊല്ലാന്‍ അനുവാദമില്ലാത്തതിനാല്‍ അവ പെറ്റുപെരുകുകയാണ്. ഇവയ്ക്ക് ഭക്ഷണം കിട്ടാതാവുന്നതോടെ പത്തും പന്ത്രണ്ടും എണ്ണം കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിക്കുകയാണ്.

‘നമ്മുടെ കോണ്‍വെന്റില്‍ ഈ അധ്വാനമൊക്കെ ചെയ്തിട്ടും നമുക്കൊന്നും കിട്ടുന്നില്ലല്ലോയെന്ന എന്റെ സഹോദരങ്ങളുടെ ചോദ്യമാണ് കോടതിയില്‍ പോകുകയെന്ന വെല്ലുവിളി ഏറ്റെടുത്തതിനു പിന്നില്‍’ എന്നും അവര്‍ പറയുന്നു. നിയമസഹായങ്ങളെല്ലാം വിഫാം ആണ് ചെയ്തുകൊടുത്തത്.