കാട്ടുപന്നിയെ കൊല്ലാന്‍ പത്ത് കര്‍ഷകര്‍ക്ക് കൂടി അനുമതി നല്‍കാന്‍ ഹൈക്കോടതി; ഏഴ് പേര്‍ കൂരാച്ചുണ്ടുകാര്‍
പേരാമ്പ്ര: കര്‍ഷകരുടെ കൃഷി ഭൂമിയിലിറങ്ങുന്ന കാട്ടുപന്നി വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഉത്തരവ്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി പത്ത് കര്‍ഷകര്‍ക്ക് കൂടി നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ഹൈക്കോടതി താത്ക്കാലിക ഉത്തരവിട്ടു.
കൃഷിയിടങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന കാട്ടുപന്നി ആക്രമണങ്ങളില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ശാശ്വത പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും, ഇവയെ ഏത് വിധേനയും കൊല്ലാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കോഴിക്കോട് ജില്ലയിലെ ഒമ്പത് കര്‍ഷകരും ഒരു ഇടുക്കി സ്വദേശിയായ കര്‍ഷകരും ഹൈക്കോടതിയെ സമീപിച്ചത്.
വി.ഫാം ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ ഒന്നാം ഹര്‍ജിക്കാരനായി നല്‍കിയ ഹര്‍ജിയില്‍ ഏഴ് പേര്‍ കുരാച്ചുണ്ട് പഞ്ചായത്തിലുള്ളവരും ഒരാള്‍ പനങ്ങാട് പഞ്ചായത്തിലുള്ള കര്‍ഷകനുമാണ്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ: സുമിൻ . എസ്. നെടുങ്ങാടൻ, അഡ്വ: ബിനോയ് തോമസ് എന്നിവരായിന്നു കോടതിയില്‍ ഹാജരായത്