കാട്ടുപന്നിയുടെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു


പേരാമ്പ്ര: കാട്ടുപന്നിയുടെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. കൂരാച്ചുണ്ട് സ്വദേശി റഷീദ് ആണ് മരിച്ചത്. നാൽപ്പത്താറ് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ആണ് മരണം.

ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റഷീദ് രണ്ട് മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഒരു വിവാഹ സല്‍ക്കാരത്തിന് പങ്കെടുത്ത് തിരികെ കൂരാച്ചുണ്ടിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കട്ടിപ്പാറക്കടുത്ത് വെച്ച്
കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് റഷീദ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മൂന്ന് മീറ്റര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡയാലിസിസ് ചെയ്യുന്ന റഷീദിനെ പിന്നീട് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഇതുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നി ആക്രമണം മൂലമാണ് അപകടമുണ്ടായത് എന്ന് അംഗീകരിക്കാനോ നഷ്ടപരിഹാരം നല്‍കാനോ അംഗീകരിക്കാനോ തയ്യാറായിട്ടില്ല. വാഹനത്തില്‍ പന്നിയുടെ രോമമില്ലെന്നും അതിനാല്‍ കാട്ടുപന്നിയുടെ ആക്രമണത്താലല്ല അപകടം നടന്നതെന്ന വിചിത്ര വാദമാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അന്ന് പറഞ്ഞത്.