കാട്ടുപന്നികള്‍ കൃഷിനശിപ്പിച്ച ചക്കിട്ടപ്പാറയിലെ കുട്ടികര്‍ഷകന് ഗ്രോബാഗുകള്‍ സമ്മാനിച്ച് പഞ്ചായത്ത്: സെപ്റ്റംബര്‍ 20ന് ജോയലിനെ ആദരിക്കും


ചക്കിട്ടപ്പാറ: കാട്ടുപന്നികളുടെ ആക്രമണത്തില്‍ നശിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ കപ്പത്തോട്ടം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, നരിമട വാര്‍ഡ് മെമ്പര്‍ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ജോയലിന്റെ വീട്ടിലെത്തിയത്.

വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയോട് അടങ്ങാത്ത താല്‍പര്യം കാണിക്കുന്ന ജോയല്‍ പുതതലമുറക്ക് മാതൃയാണെന്ന് കെ. സുനില്‍ പറഞ്ഞു. കാട്ടുപന്നികളുടെ ആക്രമണത്തില്‍ ജോയലിന്റെ 4ചുവട് കപ്പ കൃഷിയാണ് നശിച്ചതെന്ന് ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജോയലിന് കൃഷിയിലുള്ള താല്‍പര്യം മനസിലാക്കിക്കൊണ്ട് തങ്ങള്‍ 25 ഗ്രോബാഗുകള്‍ സമ്മാനിച്ചതായും അവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 20ന് ചക്കിട്ടപ്പാറയിലെ കമ്മ്യൂണിറ്റി ഹാളില്‍ ജോയലിനെ ആദരിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

ചെറുപ്രായത്തിലേ കൃഷിയില്‍ സജീവമായ ജോയലിന്റെ വീട്ടില്‍ തക്കാളി, പാവയ്ക്ക, കോളിഫ്‌ളവര്‍ തുടങ്ങി വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരിമടയില്‍ എഴുത്താണികുന്നേല്‍ ഷിജു- ഷിജി ദമ്പതികളുടെ മകനാണ് ജോയല്‍.