കാട്ടാന ശല്യം തുടർക്കഥ; പെരുവണ്ണാമൂഴിയിൽ നാട്ടിലിറങ്ങിയ കാട്ടാന കാർഷികവിളകൾ നശിപ്പിച്ചു


പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്തും കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാന ഒമ്പത് തെങ്ങുകളാണ് കുത്തിമറിച്ചിട്ടത്. 50-ഓളം വാഴകളും മാവുംപ്ലാവും ജാതിയും കൊക്കോയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്.

വേനകുഴിയിൽ ഷിനീഷ്, കോനാട്ട് ജോസഫ്, ചീരമറ്റം ബാബു, ചിറയിൽ മനോജ്, മുല്ലശ്ശേരി ജോഷി ചെമ്പനോട എന്നിവരുടെ കൃഷിയെല്ലാം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കുടിവെള്ള പൈപ്പ് നന്നാക്കാൻപോയ പ്രദേശവാസിയായ പുനത്തിൽകണ്ടി കുഞ്ഞിരാമൻ കാട്ടാനയുടെ മുന്നിൽപെട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

വനത്തോടുചേർന്നുള്ള ഭാഗത്ത് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സൗരവേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രവർത്തന രഹിതമാണെന്ന് കർഷകർ പറഞ്ഞു. തെരുവ് വിളക്കുകൾ കത്താത്തതും വന്യമൃഗശല്യം കൂടാൻ കാരണമാകുന്നുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, പെരുവണ്ണാമൂഴി, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ ഭാഗത്തൊക്കെ അടുത്തിടെ കാട്ടാന കൃഷി നശിപ്പിച്ചിരുന്നു.