കാക്കിക്കുള്ളിലെ കര്‍ഷക ഹൃദയം; പെരുവണ്ണാമൂഴി സ്വദേശി ബിനു ജോൺ മണ്ണിൽ പൊന്ന് വിളയിക്കും


പേരാമ്പ്ര : പോലീസുകാരന്റെ തിരക്കുള്ള ജോലിക്ക് ശേഷമുള്ള സമയത്തെല്ലാം പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയിലെ ഇളപ്പുങ്കൽ ബിനു ജോൺ കൃഷിപ്പണിയുടെ തിരക്കിലാകും. തേനീച്ചക്കൃഷിയും മത്സ്യക്കൃഷിയുമുൾപ്പെടെ എല്ലാ കൃഷിയുമുണ്ട്‌ ഈ വീട്ടുപറമ്പിൽ.

പാരമ്പര്യമായി കൃഷിക്കാരാണ് ബിനുവിന്റെ കുടുംബം. അതിനാൽ കൃഷിയോട് ചെറുപ്പംതൊട്ടുള്ള താത്‌പര്യമാണ് ജോലി ലഭിച്ചിട്ടും ഒഴിവുള്ള സമയമെല്ലാം കൃഷിക്കായി ഇദ്ദേഹം മാറ്റിവെക്കാൻ കാരണം.

ഒരുവീട്ടിൽ ആവശ്യമുള്ള അത്യാവശ്യം കാര്യങ്ങളെല്ലാം ഇദ്ദേഹം കൃഷിചെയ്തുണ്ടാക്കുന്നു. അതുതന്നെയാണ് കൃഷിയിലെ വലിയനേട്ടമായി ഈ പോലീസുകാരൻ കാണുന്നത്. പച്ചക്കറിയെല്ലാം വീട്ടുപറമ്പിലുണ്ടാക്കുന്നതിനാൽ പുറത്തുനിന്ന് അധികമൊന്നും വാങ്ങേണ്ടിവരാറില്ല. കുമ്പളം, കാബേജ്, പടവലം, തക്കാളി, മുളക്, വെണ്ട, പയർ, ചേമ്പ്, ചേന, കാച്ചിൽ എന്നിവയെല്ലാം ഇവിടെയുണ്ടാക്കാറുണ്ട്. കോഴിയും ആടും പശുവുമെല്ലാമായി സമ്മിശ്ര കൃഷിസ്ഥലമാണ് ബിനുവിന്റെ പുരയിടം. 40-ഓളം നാടൻകോഴിയെ വളർത്തുന്നുണ്ട്. ചാണകവും കോഴി ക്കാഷ്ടവുമെല്ലാം കൃഷിക്ക് വളമായും ചേർക്കാൻ ഇതുമൂലം കഴിയുന്നു.

റമ്പൂട്ടാൻ, സപ്പോട്ട, ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങളെല്ലാം തൊടിയിൽ കാണാം. കുറ്റിക്കുരുമുളക്, മാവ്, ചെറുനാരകം എന്നിങ്ങനെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ പലതുമുണ്ടാക്കുന്നു. ബെങ്കനപള്ളി, അമൃതം, ഓളോർ, കൊളമ്പ് എന്നിവയെല്ലാമാണ് കൊതിയൂറും മാങ്ങകൾ. 250-ഓളം കൊക്കോയും റബ്ബറുമുണ്ട്. ജാതി, കുരുമുളക്, വാഴ, കപ്പ, ഏലം, വാനില, വെറ്റില, കരിമ്പ് തുടങ്ങിയവയാണ് മറ്റ് കൃഷികൾ. ഏറെക്കാലമായി തേനീച്ചയെ വളർത്തി നാടൻതേനും ചെറുതേനുമുണ്ടാക്കുന്നു. 50-ഓളം തേനീച്ചക്കൂടുകൾ വരെ ഇവിടെയുണ്ടാകാറുണ്ട്. തേനീച്ചയ്ക്ക് ആവശ്യക്കാർ വരുമ്പോൾ നൽകും.

അടുത്തിടെയാണ് വീട്ടുപറമ്പിൽ കുളമൊരുക്കി മത്സ്യ ക്കൃഷി തുടങ്ങിയത്. ആസാംവാള, ചിത്രലാട, തിലോപ്പിയ, ജപ്പാനീസ് കോയികാർപ്പ് എന്നീ ഇനങ്ങളിൽ 400-ഓളം മത്സ്യം വളർത്തുന്നുണ്ട്. നാദാപുരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ബിനു. അധ്യാപികയായ ഭാര്യ പെൻസിയും മക്കളും കൃഷിയിൽ എല്ലാ പിന്തുണയുമായുണ്ട്.