കാക്കനാട് മയക്കുമരുന്ന് കേസ്: ആദ്യം വിട്ടയച്ച യുവതിയെ അറസ്റ്റ് ചെയ്തു


കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ ഒഴിവാക്കിയ യുവതിയെ അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനി തയ്യിബ ഔലാദിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. തയ്യിബ കുറ്റം സമ്മതിച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആദ്യം പിടികൂടിയ ഏഴു പേരില്‍ തയ്യിബയും ഉള്‍പ്പെട്ടിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തെളിവില്ലെന്ന് കാട്ടി ഒഴിവാക്കി.റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാന്‍ തയ്യിബയും ഒപ്പമുണ്ടായിരുന്ന ശബ്നയും ശ്രമിച്ചിരുന്നെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. ശബ്‌നയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തയ്യിബയെ കാക്കനാട് ഫ്ളാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. തയ്യിബയ്ക്കൊപ്പം വിട്ടയച്ച യുവാവിനെയും ചോദ്യം ചെയ്യും.

നായകള്‍ക്ക് നല്‍കുന്ന തീറ്റയുടെ കവറില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. മൂന്ന് മാസത്തോളമായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പിടിച്ചെടുത്ത മാന്‍കൊമ്ബ് വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നു എടുത്തതാണെന്നും എം.ഡി.എം.എ ചെന്നൈയില്‍ നിന്നാണ് എത്തിച്ചതെന്നും പ്രതികള്‍ സമ്മതിച്ചു. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് വൈത്തിരി എന്നിവിടങ്ങളില്‍ എത്തിച്ച്‌ തെളിവെടുക്കും. എറണാകുളത്ത് ഇവര്‍ക്ക് സഹായം നല്‍കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.